
റിയാദ്: വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തിൽ റിയാദിൽ നിന്ന് ചികിത്സക്കായി നാട്ടിൽ പോയ മലയാളി യുവാവ് മരിച്ചു. റിയാദിൽ ഹൗസ്ഡ്രൈവറായിരുന്ന കൊല്ലം കടയ്ക്കൽ മടത്തറ വേങ്കൊല്ല തേരിക്കട സ്വദേശി പണയിൽ പുത്തൻ വീട്ടിൽ ഷാജു രാജൻ (44) ആണ് വെള്ളിയാഴ്ച രാവിലെ അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിയിൽ മരിച്ചത്.
സൗദിയിൽ 12 വർഷത്തോളം പ്രവാസിയായിരുന്ന ഷാജു ഏപ്രിൽ എട്ടിനാണ് സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനത്തിൽ റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് പോയത്. അർബുദ ബാധിതനായിരുന്നു. വേദന സഹിക്കവയ്യാതെ ചികിത്സക്ക് വേണ്ടിയായിരുന്നു ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ആദ്യ വിമാനത്തിൽ തന്നെ ഇടം നേടി നാട്ടിലെത്തിയത്. ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ സഹായത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം നേടി അവിടെ 18 ദിവസം കഴിഞ്ഞു.
ശേഷം വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം റീജ്യനൽ ക്യാൻസർ സെന്ററിലെത്തിയെങ്കിലും ചികിത്സയുടെ ഘട്ടവും കടന്നുപോയതിനാൽ അവിടെ നിന്ന് പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രത്തിലേക്ക് റഫർ ചെയ്യുകയായിരുന്നു. അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച ചോഴിയക്കോട് സെന്റ് സെബാസ്റ്റ്യൻ മലങ്കര കതോലിക്ക ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12ഓടെ സംസ്കരിക്കും. പരേതനായ രാജനാണ് പിതാവ്. മാതാവ്: ലീലാമ്മ രാജൻ. ഭാര്യ: ജോളി ഷാജു. മകൾ: അന്നാമേരി ഷാജു (ആറ്). സഹോദരങ്ങൾ: ഷാജി രാജൻ, ഷൈജു രാജൻ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ