ചുട്ടുപൊള്ളുന്ന വെയിലിൽ മരുഭൂമിയിലൂടെ ന​ഗ്നപാദരായി നടക്കണം, യുഎഇയിൽ നടന്ന മത്സരത്തിൽ പങ്കാളികളായി പ്രവാസികളും

Published : May 20, 2025, 11:21 AM IST
ചുട്ടുപൊള്ളുന്ന വെയിലിൽ മരുഭൂമിയിലൂടെ ന​ഗ്നപാദരായി നടക്കണം, യുഎഇയിൽ നടന്ന മത്സരത്തിൽ പങ്കാളികളായി പ്രവാസികളും

Synopsis

ഞായറാഴ്ചയാണ് ഷാർജയിലെ ദൈദ് സിറ്റിയിൽ അൽ റംദ ചലഞ്ചിന്റെ 13ാമത് എഡിഷൻ നടന്നത്

ഷാർജ: ചുട്ടുപൊള്ളുന്ന വെയിലിൽ മരുഭൂമിയിലൂടെ ന​ഗ്നപാദരായി നടക്കണം, യുഎഇയിലെ ഷാർജയിൽ നടന്ന അൽ റംദ ചലഞ്ച് ശ്രദ്ധേയമാകുന്നു. ഞായറാഴ്ചയാണ് ഷാർജയിലെ ദൈദ് സിറ്റിയിൽ അൽ റംദ ചലഞ്ചിന്റെ 13ാമത് എഡിഷൻ നടന്നത്. മത്സരത്തിൽ പങ്കെടുക്കാനായി പ്രവാസികളും സ്വദേശികളുമടക്കം നിരവധി പേരാണ് എത്തിയത്. ആരോ​ഗ്യത്തിന് ​ദോഷകരമാകാത്ത രീതിയിലാണ് മത്സരം നടത്തിയത്. ചുട്ടുപൊള്ളുന്ന മണലിലൂടെ 150 മുതൽ 200 മീറ്റർ വരെ നടക്കണം. ലക്ഷ്യ സ്ഥാനത്ത് ആദ്യമെത്തുന്നവരാണ് വിജയിക്കുക. 

യുഎഇയിലെ സാംസ്കാരിക കായിക പരിപാടികളിൽ ഒന്നാണ് അൽ റംദ ചലഞ്ച്. എമിറാത്തി ഭാഷയിൽ അൽ റംദ എന്ന വാക്ക് സൂര്യന്റെ ജ്വലനത്തിലുള്ള മണലിലെ ചൂടിനെയാണ് സൂചിപ്പിക്കുന്നത്. ഇത് മത്സരത്തിന്റെ വെല്ലുവിളിയേറിയ സ്വഭാവവും വ്യക്തമാക്കുന്നു. യുഎഇ എക്സ്പ്ലോറേഴ്‌സ് ടീമിന്റെ സ്ഥാപകനും എമിറാത്തി സാഹസികനുമായ അവാദ് ബിൻ മുജ്‌റനാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ഇത് ആദ്യമായി കൊണ്ടുവരുന്നതിന് മുൻപ് തന്നെ ഡോക്ടറുമായി സംസാരിച്ചിരുന്നെന്നും പരിപാടി പൂർണമായും സുരക്ഷിതമാണെന്നും ആരോ​ഗ്യത്തിന് ദോഷകരമല്ലെന്നും ഉറപ്പുവരുത്തിയതായും അവാദ് ബിൻ മുജ്‌റൻ പറഞ്ഞു. 2016ലാണ് ആദ്യമായി അൽ റംദ ചലഞ്ച് നടത്തിയത്. ദുബൈ, അൽ ഐൻ, ഫുജൈറ, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിൽ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ആസ്ട്രേലിയയിലെ മരുഭൂമിയിൽ പോലും ഈ മത്സരം നടത്തിയിട്ടുണ്ടെന്ന് അവാദ് ബിൻ മുജ്‌റൻ പറയുന്നു. 

മത്സരത്തിന് കൃത്യമായ നിയമങ്ങളുണ്ട്. ന​ഗ്നപാദരായി നടന്നുവേണം മത്സരാർത്ഥികൾ ലക്ഷ്യസ്ഥാനത്ത് എത്തേണ്ടത്. ഓടാനോ ചാടാനോ പാടില്ല. കാല് മരവിപ്പിക്കുന്ന തരത്തിലുള്ള വസ്തുക്കൾ ഉപയോ​ഗിക്കാനോ വെള്ളം സ്പ്രേ ചെയ്യാനോ പാടില്ല. ഓരോ 15 മീറ്റർ കഴിയുമ്പോഴും വിശ്രമിക്കാനുള്ള ഏരിയ ഒരുക്കിയിട്ടുണ്ടാകും. അവിടെ മത്സരാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മെഡിക്കൽ സംഘത്തെയും സജ്ജീകരിച്ചിട്ടുണ്ടാകും. ഇത്തവണത്തെ മത്സരത്തിൽ വിവിധ പ്രായത്തിലുള്ള വിവിധ ദേശക്കാരായവരാണ് പങ്കെടുത്തത്. കൂടാതെ സ്ത്രീകളും പങ്കാളികളായി. 

ഈ മത്സരം മികച്ച വ്യായാമമാണെന്നും രക്തചംക്രമണം, ഉറക്കത്തിന്റെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുകയും കൊളസ്ട്രോൾ, സ്ട്രസ് എന്നിവ കുറയ്ക്കുകയും സന്ധി വീക്കത്തിനുള്ള നല്ലൊരു ചികിത്സയാണ് ഇതെന്നും ഡോക്ടർമാർ പറയുന്നു. മുനിസിപ്പൽ കൗൺസിലിന്റെയും ദൈദ് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ യുഎഇ എക്സ്പ്ലോറേഴ്‌സ് ടീമാണ് മത്സരം സംഘടിപ്പിച്ചത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട