രൂപ കൂടുതല്‍ ദുര്‍ബലമാകുന്നു; നേട്ടം ഉപയോഗപ്പെടുത്താനാവാതെ പ്രവാസികള്‍

By Web TeamFirst Published Mar 21, 2020, 7:40 PM IST
Highlights

നേരത്തെ മാസാദ്യത്തില്‍ രൂപയ്ക്ക് കാര്യമായ വിലയിടിവ് വന്നപ്പോള്‍ തന്നെ പ്രവാസികളില്‍ ഭൂരിഭാഗവും നാട്ടിലേക്ക് പണം അയച്ചിരുന്നു. അതുകൊണ്ടുതന്നെ മാസത്തിന്റെ മദ്ധ്യത്തില്‍ നല്ല വിനിമയ നിരക്ക് ലഭിച്ചിട്ടും അത് ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ക്ക് സാധിക്കുന്നില്ല. 

ദുബായ്: കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഓരോ ദിവസവും ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമാവുകയാണ്. വിവിധ ഗള്‍ഫ് കറന്‍സികള്‍ക്ക് ഇപ്പോള്‍ റെക്കോര്‍ഡ് മൂല്യമാണ് ഇന്ത്യന്‍ രൂപയ്ക്കെതിരെ. എന്നാല്‍ കറന്‍സിക്ക് വലിയ മൂല്യം ലഭിക്കുമ്പോഴും അവസരം കാര്യമായി ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ക്ക് സാധിക്കുന്നതുമില്ല.

നേരത്തെ മാസാദ്യത്തില്‍ രൂപയ്ക്ക് കാര്യമായ വിലയിടിവ് വന്നപ്പോള്‍ തന്നെ പ്രവാസികളില്‍ ഭൂരിഭാഗവും നാട്ടിലേക്ക് പണം അയച്ചിരുന്നു. അതുകൊണ്ടുതന്നെ മാസത്തിന്റെ മദ്ധ്യത്തില്‍ നല്ല വിനിമയ നിരക്ക് ലഭിച്ചിട്ടും അത് ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ക്ക് സാധിക്കുന്നില്ല. കൂടുതല്‍ മൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് പണം അയക്കാതെ കാത്തിരുന്നവര്‍ക്കും ഉയര്‍ന്ന വരുമാനക്കാര്‍ക്കുമാണ് ഇപ്പോഴത്തെ ഉയര്‍ന്ന നിരക്കിന്റെ പ്രയോജനം ലഭിക്കുന്നത്. യുഎഇ ദിര്‍ഹത്തിനെതിരെ കഴിഞ്ഞ രാണ്ടാഴ്ചയ്ക്കിടെ 50 പൈസയുടെ താഴ്ചയാണ് വിനിമയ മൂല്യത്തിലുണ്ടായത്. 

2018ലായിരുന്നു ഇതിന് മുമ്പ് യുഎഇ ദിര്‍ഹത്തിനെതിരെ രൂപയ്ക്ക് ഏറ്റവും ഉയര്‍ന്ന മൂല്യം ലഭിച്ചത്. 20.25 രൂപയായിരുന്നു അന്നത്തെ നിരക്ക്. 20.54 രൂപയാണ് ഇന്ന് ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം രൂപയുടെ മൂല്യം. അമേരിക്കന്‍ ഡോളറിനെതിരെ 75.43 രൂപയും. റിസര്‍വ് ബാങ്കിന്റെ ഫലപ്രദമായ ഇടപെടലുണ്ടായില്ലെങ്കില്‍ 76.50 എന്ന നിരക്കിലേക്ക് വരെ രൂപ ഇടിയാനുള്ള സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്കുകള്‍ ഇങ്ങനെ...

യുഎഇ ദിര്‍ഹം - 20.54
ബഹ്റൈനി ദിനാര്‍ - 200.62
കുവൈത്തി ദിനാര്‍ - 241.82
ഒമാനി റിയാല്‍ - 196.19
ഖത്തര്‍ റിയാല്‍ - 20.72
സൗദി റിയാല്‍ - 20.11

click me!