പ്രവാസികള്‍ ആശങ്കപ്പെടേണ്ട; അടിയന്തരമായി നാട്ടിലെത്തേണ്ടവര്‍ക്ക് മുന്‍ഗണനയെന്ന് ഇന്ത്യന്‍ അംബാസഡര്‍

By Web TeamFirst Published Apr 18, 2020, 2:43 PM IST
Highlights

ആശങ്കപ്പെടണ്ട സാഹചര്യം ഇല്ലെന്നുംആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രവാസികൾക്ക് ആവശ്യമായ ചികിത്സയും സുരക്ഷാ മുൻകരുതലുകളും എംബസി ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി: ഇന്ത്യയിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുകയാണെങ്കില്‍ അടിയന്തരമായി നാട്ടില്‍ എത്തേണ്ടവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍. സർക്കാരിന്റെ അറിയിപ്പ് വന്നാലുടൻ യുഎഇ അധികൃതരുമായി സഹകരിച്ച് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ആശങ്കപ്പെടണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രവാസികൾക്ക് ആവശ്യമായ ചികിത്സയും സുരക്ഷാ മുൻകരുതലുകളും എംബസി ഉറപ്പാക്കുന്നുണ്ടെന്നും അംബാസഡര്‍ വ്യക്തമാക്കി. അതേസമയം ഗള്‍ഫ് നാടുകളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 22,574 ആയിരിക്കുകയാണ്. കൊവിഡ് ബാധിച്ച് 149പേര്‍ മരിച്ചു. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് 7,142പേര്‍ക്കാണ് സൗദിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയില്‍ 6,302പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

കൊവിഡില്‍ ജീവന്‍ നഷ്ടമായവരുടെ  കുടുംബങ്ങളെ സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ ആവശ്യമായ എല്ലാ സഹായങ്ങളും ദുബായി റെഡ്ക്രസന്‍റ്  ഉറപ്പു നല്‍കിയിട്ടുണ്ട്.ഇതിന്‍റെ ഭാഗമായി യുഎഇയിൽ മരിച്ച മലയാളികളടക്കമുള്ള വിദേശികളുടെ കുടുംബവുമായി ബന്ധപ്പെടാനും അവരുടെ സാമ്പത്തിക സാഹചര്യങ്ങൾ മനസ്സിലാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് അധികൃതര്‍ നിർദേശം നല്‍കിയിട്ടുണ്ട്.

 കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുകയാണ്. ആയിരത്തോളം ഇന്ത്യക്കാര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തറില്‍  ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ദീര്‍ഘകാലം തുടരേണ്ടി വരുമെന്ന്  ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ സമിതി അറിയിച്ചു. വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുള്ള ഖത്തറിന്റെ പഴയ അവസ്ഥയിലേക്ക് രാജ്യം ഉടന്‍ മടങ്ങി വരാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു.

click me!