Latest Videos

നാടിന്റെ ദുരിതം തീര്‍ക്കാന്‍ ആവേശത്തോടെ പ്രവാസികളും

By Web TeamFirst Published Aug 19, 2018, 4:09 AM IST
Highlights

ഗള്‍ഫിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് ആവശ്യമുള്ളതെല്ലാം സമാഹരിക്കുകയാണ്. വിവിധ സ്ഥലങ്ങളിലെ കളക്ഷന്‍ പോയിന്റുകളില്‍ ആയിരക്കണക്കിന് ആളുകള്‍ സാധനങ്ങളെത്തിക്കുന്നു.

ദുബായ്: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതികള്‍ കേരളം ഏറ്റുവാങ്ങവെ സാന്നിദ്ധ്യം മാത്രം ഇവിടെ ഇല്ലാതെ പോയ പ്രവാസികള്‍ ജന്മനാടിന് കരുത്തേകാന്‍ ഒരുമനസ്സോടെ രംഗത്ത്. ദുരിത ബാധിതര്‍ക്ക് ആവശ്യമുള്ള സാധനങ്ങളുമായി ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പ്രവാസി സംഘടനകളെ സമീപിച്ചത്.

ഗള്‍ഫിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് ആവശ്യമുള്ളതെല്ലാം സമാഹരിക്കുകയാണ്. വിവിധ സ്ഥലങ്ങളിലെ കളക്ഷന്‍ പോയിന്റുകളില്‍ ആയിരക്കണക്കിന് ആളുകള്‍ സാധനങ്ങളെത്തിക്കുന്നു. വസ്‌ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും അടക്കം കേടാകാതെ വ്യോമമാര്‍ഗ്ഗം എത്തിക്കാന്‍ കഴിയുന്നതെല്ലാം പ്രവാസികള്‍ ശേഖരിച്ച് ഒരുമിച്ച് കൂട്ടി നാട്ടിലേക്ക് അയക്കുകയാണ്. ഗള്‍ഫിലെ കളക്ഷന്‍ സെന്ററുകളുടെ ചിത്രങ്ങളും നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്‌ക്കുന്നുണ്ട്. നാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ എത്താന്‍ കഴിയാത്തവര്‍ ഗള്‍ഫില്‍ തങ്ങളുടെ സഹജീവികള്‍ക്ക് വേണ്ടി ഓടി നടക്കുന്നു. വിവിധ സംഘടനകള്‍ ശേഖരിച്ച വസ്തുക്കള്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ക്കായും ഗള്‍ഫില്‍ മലയാളികള്‍ ക്യാമ്പയിന്‍ നടത്തുന്നുണ്ട്. നിരവധി പ്രവാസി വ്യവസായികള്‍ ഇതിനോടകം തന്നെ തങ്ങളുടെ വിഹിതം കൈമാറിക്കഴിഞ്ഞു. കേരളത്തിന് എല്ലാവരും സഹായമെത്തിക്കണമെന്ന് കഴിഞ്ഞദിവസം യുഎഇ ഭരണാധികാരികള്‍ ആഹ്വാനം ചെയ്തിരുന്നു. സഹായം ക്രോഡീകരിക്കുന്നതിനായി ഒരു കമ്മിറ്റിയെയും യുഎഇ ഭരണകൂടം നിയോഗിച്ചിട്ടുണ്ട്.

 

click me!