പ്രവാസി മലയാളിയുടെ കൊലപാതകം; കൊലപ്പെടുത്തിയത് മോഷ്ടാക്കളെന്ന് സൂചന, ഞെട്ടല്‍ മാറാതെ മലയാളി സമൂഹം

By Web TeamFirst Published Dec 23, 2020, 10:35 PM IST
Highlights

മുഹമ്മദലി ജോലി ചെയ്യുന്ന കട രാത്രി 12 മണിയോടെയാണ് സാധാരണയായി അടയ്ക്കുന്നത്. വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം പച്ചക്കറി വിതരണക്കാര്‍ വരുന്നത് വരെ കടയിലിരുന്ന് സാധനങ്ങള്‍ അടുക്കി വെക്കും.

ജിസാന്‍: സൗദി അറേബ്യയുടെ തെക്ക് ഭാഗത്തെ പട്ടണത്തിൽ മിനി സൂപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളി കൊലപ്പെട്ടതിന്‍റെ ഞെട്ടലിലാണ് ജിസാനിലെ പ്രവാസി സമൂഹം. അബൂ അരീഷിലെ കടയിലാണ് മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിൽ (52) കൊല്ലപ്പെട്ടത്. കഴുത്തിന് കത്തി കൊണ്ടുള്ള കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്. മോഷ്ടാക്കളാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. നിരവധി മലയാളികള്‍ താമസിക്കുന്ന ജിസാനില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അബു അരീഷ്.

ബുധനാഴ്ച പുലര്‍ച്ചെ പച്ചക്കറി ഇറക്കാനെത്തിയവര്‍ കൗണ്ടറിനടുത്ത് മരിച്ച നിലയില്‍ മുഹമ്മദലിയെ കണ്ടെത്തുകയായിരുന്നു. കഴുത്തിനേറ്റ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് മരിച്ചത്. ഇവര്‍ തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ അറിയിച്ച ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മുഹമ്മദലി ജോലി ചെയ്യുന്ന കട രാത്രി 12 മണിയോടെയാണ് സാധാരണയായി അടയ്ക്കുന്നത്. വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം പച്ചക്കറി വിതരണക്കാര്‍ വരുന്നത് വരെ കടയിലിരുന്ന് സാധനങ്ങള്‍ അടുക്കി വെക്കും. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി പരിചയക്കാര്‍ വരികയാണെങ്കില്‍ സിസിടിവി നോക്കി ആളെ മനസ്സിലാക്കിയ ശേഷം വാതില്‍ തുറക്കുകയാണ് പതിവ്.

പച്ചക്കറി വിതരണക്കാര്‍ എത്തിയാല്‍ അത് വാങ്ങി കടയില്‍ വെച്ച ശേഷം കട പൂട്ടി റൂമില്‍ പോകും. മുഹമ്മദലി, സദോഹരങ്ങളായ അശ്‌റഫ്, ഹൈദരലി എന്നിവര്‍ ഇതേ കടയില്‍ വിവിധ ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരാണ്. അശ്‌റഫ് അലി ഇപ്പോള്‍ നാട്ടിലാണ്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് മുറിയില്‍ ഉറങ്ങിക്കിടന്ന സഹോദരന്‍ ഹൈദര്‍ അലിയെ വിവരം അറിയിച്ചത്. കടയിലെ സിസിടിവി ഉപകരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അബു അരീഷിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. കടയുടെ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 
 

click me!