സ്രോതസ് വെളിപ്പെടുത്താതെ പണം നാട്ടിലേക്ക് അയച്ചാല്‍ പ്രവാസികള്‍ കുടുങ്ങും

By Web TeamFirst Published Dec 30, 2019, 7:12 PM IST
Highlights

പണമിടപാടുകളിന്മേല്‍ കര്‍ശന നിരീക്ഷണം നടത്താന്‍ സൗദി അറേബ്യന്‍ മോണിറ്ററി അതോരിറ്റി രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുമാനത്തേക്കാള്‍ ഉയര്‍ന്ന തുകയുടെ പണമിടപാടുകള്‍ നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം.

റിയാദ്: സ്രോതസ് വെളിപ്പെടുത്താതെ പണം അയക്കുന്നത് കള്ളപ്പണത്തിന്റെ പരിധിയില്‍ വരുമെന്ന് സൗദി അധികൃതര്‍. ഇത്തരം പണമിടപാടുകളും ബിനാമി പണമിടപാടുകളും നിയമവിരുദ്ധമാണെന്ന് സൗദി പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

പണമിടപാടുകളിന്മേല്‍ കര്‍ശന നിരീക്ഷണം നടത്താന്‍ സൗദി അറേബ്യന്‍ മോണിറ്ററി അതോരിറ്റി രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുമാനത്തേക്കാള്‍ ഉയര്‍ന്ന തുകയുടെ പണമിടപാടുകള്‍ നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം. സംശയം തോന്നുന്നപക്ഷം ഇത്തരത്തിലുള്ള ഇടപാടുകള്‍ ബാങ്കുകള്‍ തടഞ്ഞുവെയ്ക്കാറുമുണ്ട്. ഇത്തരം ഇടപാടുകള്‍ നടത്തുന്നവരെക്കുറിച്ച് ബാങ്കുകള്‍ തന്നെ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. 

ബിനാമി ഇടപാടുകളും ഇത്തരത്തില്‍ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടായാണ് കണക്കാക്കുന്നത്. മറ്റുള്ളവരുടെ പണം ഒരാളുടെ അക്കൗണ്ട് വഴി അയക്കുന്നവരും കുടുങ്ങും. മലയാളികളടക്കം നിരവധി പ്രവാസികള്‍ ഇത്തരത്തില്‍ പണമയക്കുന്നവരാണ്. ഇങ്ങനെ പണം അയക്കുന്നവരെയും നിരീക്ഷിച്ചുവരികയാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വരവില്‍ കവിഞ്ഞ പണം അയക്കുന്നതും ബിനാമി ഇടപാടുകളും നടത്തിയ നിരവധിപ്പേരെ അധികൃതര്‍ ഇതിനോടകം പിടികൂടിയിട്ടുണ്ട്. വരുമാനത്തേക്കാള്‍ കൂടിയ തുകയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ നിയമനടപടി നേരിടേണ്ടിവരും.

click me!