
അല്‍ഹസ: മൂന്ന് വര്‍ഷം മുമ്പ് സൗദിയില്‍ കാണാതായ കണ്ണൂര്‍ സ്വദേശിയെ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് മലപ്പുറം കൊണ്ടോട്ടിയിലെ മുജീബ് റഹ്മാന്റെ കുടുംബത്തിനും കൂടിയാണ്. കൊണ്ടോട്ടി ചിറയില്‍ ചുങ്കം സ്വദേശി മുജീബ് റഹ്മാനെ(46) സൗദിയിലെ അല്‍ഹസയില്‍ നിന്ന് കാണാതായിട്ട് ഒന്നരവര്‍ഷം പൂര്‍ത്തിയാകുകയാണ്.
അവധിക്കാലം കഴിഞ്ഞ് തിരികെ സൗദിയിലെത്തിയപ്പോഴാണ് ദുരൂഹ സാഹചര്യത്തില്‍ മുജീബ് റഹ്മാനെ കാണാതാകുന്നത്. മുജീബ് ഗള്‍ഫിലേക്ക് മടങ്ങുമ്പോള്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു. മകന്‍ മുഹമ്മദ് നിഷാലിന് ഇപ്പോള്‍ ഒരു വയസ്സു കഴിഞ്ഞു. ഇതുവരെ പിതാവിനെ കണ്ടിട്ട് പോലുമില്ല. മുജീബിനെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനുകള്‍ വഴിയും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും സാമൂഹിക പ്രവര്‍ത്തകര്‍ നിരന്തരം ശ്രമങ്ങള്‍ നടത്തിയെന്നും എന്നാല്‍ മുജീബിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്നും 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
അല്‍ഹസയില്‍ ഖത്തര്‍ അതിര്‍ത്തിയിലെ ക്യാമ്പിലായിരുന്നു മുജീബ് ജോലി ചെയ്തിരുന്നത്. മുജീബ് ജോലി ചെയ്തിരുന്ന ക്യാമ്പിലെ മലയാളികളുടെ സഹായത്തോടെ സാമൂഹികപ്രവര്‍ത്തകര്‍ മരുഭൂമിയിലും സമീപ പ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു. ഒന്നര മാസത്തെ അവധി കഴിഞ്ഞ മുജീബ് കൊണ്ടുവന്ന ബാഗേജ് അതേപോലെ മുറിയിലുണ്ടായിരുന്നു. ശമ്പളത്തിന്റെ ബാക്കിയായി ലഭിച്ച 3500 റിയാലും മൊബൈല്‍ഫോണും മാത്രമാണ് കാണാതാകുമ്പോള്‍ മുജീബിന്റെ കൈവശമുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
മരുഭൂമിയില്‍ ആട്ടിടയന്‍മാരോട് വിവരം പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകര്‍ സല്‍വ അതിര്‍ത്തി വരെ പോയിരുന്നെന്നും അല്‍ഹസ, ദമാം എന്നിവിടങ്ങളില്‍ ജിയിലുകളിലും ആശുപത്രികളിലും പൊലീസ് സ്റ്റേഷനിലുമെല്ലാം സ്‌പോണ്‍സറുടെ സഹായത്തോടെ അന്വേഷിച്ചിരുന്നുവെന്നും സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് ബാലുശ്ശേരിയെ ഉദ്ധരിച്ച് 'മലയാളം ന്യൂസി'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുജീബിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും അഞ്ചു മക്കളുമുടങ്ങുന്ന കുടുംബം.
മുജീബിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ മുജീബ് ബാലുശ്ശേരി(0551955975), അനില്‍ റഹിമ(0555236457) എന്നിവരുമായി ബന്ധപ്പെടുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam