
തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ച തൃശ്ശൂര്‍, ആലപ്പുഴ സ്വദേശികളായ രണ്ടു പേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം മന്ത്രിമാര്‍ വീടുകളിലെത്തി കുടുംബാംഗങ്ങള്‍ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോർക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നൽകിയത്.
തൃശ്ശൂരില്‍ ബിനോയ് തോമസിന്റെ കുടുംബത്തിന് റവന്യൂ മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു എന്നിവർ ചേർന്നും, ആലപ്പുഴയില്‍ മാത്യു തോമസിന്റെ ആശ്രിതര്‍ക്ക് ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാനും വീടുകളിലെത്തിയാണ് ധനസഹായം കൈമാറിയത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം വത്സല മോഹന്‍, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്‍റ് ജെയിന്‍ ജിനു ജേക്കബ്, പഞ്ചായത്ത് അംഗം ജോസ് വി ജോണ്‍, മറ്റ് ജനപ്രതിനിധികൾ, തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, ആലപ്പുഴ ഡെപ്പ്യൂട്ടി കലക്ടര്‍ ജിനു പൊന്നൂസ്, ഡെപ്പ്യൂട്ടി തഹദില്‍ദാര്‍ കിഷോര്‍ ഖാന്‍.എം.എ, വില്ലേജ് ഓഫീസര്‍ ശ്രീരേഖ, നോര്‍ക്ക റൂട്ട്സ് ജീവനക്കാരായ ബി. പ്രവീണ്‍. ഷീബ ഷാജി എന്നിവരും ജില്ലകളില്‍ മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.
ഇതോടെ കുവൈറ്റ് ദുരന്തത്തില്‍ മരണമടഞ്ഞ 18 പേരുടെ കുടുംബംങ്ങള്‍ക്കുളdള സഹായധനം കൈമാറി. കൊല്ലം സ്വദേശികളായ സാജൻ ജോർജ്, ലൂക്കോസ് വടക്കോട്ട് ഊന്നുണ്ണി , സുമേഷ് പിള്ള സുന്ദരൻ, ഷമീർ ഉമറുദ്ധീൻ എന്നിവരുടെയും പത്തനംതിട്ടയില്‍ സിബിൻ തേവരോട്ട് എബ്രഹാമിന്റെ കുടുംബത്തിനുമുളള ധനസഹായം വരും ദിവസങ്ങളില്‍ കൈമാറും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam