
ദുബായ്: ജനങ്ങളുടെ സ്വകാര്യത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. ആളുകളുടെ ചിത്രങ്ങളോ വീഡിയോയോ അനുമതിയില്ലാതെ പകര്‍ത്തുക, അനുമതിയില്ലാതെ ശബ്ദം റെക്കോര്‍ഡ് ചെയ്യുക, ഫോണ്‍ കോളുകള്‍ റെക്കോര്‍ഡു ചെയ്യുക, ഇത്തരം കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുക, കോപ്പി ചെയ്യുക, പ്രദര്‍ശിപ്പിക്കുക, സൂക്ഷിക്കുക തുടങ്ങിയവയെല്ലാം കുറ്റകരമാണ്. പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ പോലും ആളുകളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെങ്കില്‍ ശിക്ഷാര്‍ഹമാണ്.
യുഎഇ ഫെഡറല്‍ നിയമപ്രകാരം ഇത്തരം പ്രവൃത്തികള്‍ക്ക് ഒന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷ ലഭിക്കും. ഇതിന് പുറമേ ആറ് മാസത്തില്‍ കുറയാത്ത കാലം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും. സൈബര്‍ രംഗത്ത് കുട്ടികളുടെ സുരക്ഷയെക്കുറിച്ച് യുഎഇയില്‍ ചില രക്ഷിതാക്കള്‍ ആശങ്ക അറിയിച്ച സാഹചര്യത്തില്‍ കുട്ടികളുടെ കാര്യത്തിലും ഇത് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളുടെ ഫോട്ടോയോ വീഡിയോ ദൃശ്യങ്ങളോ പകര്‍ത്തിയാലും ഇതേശിക്ഷ അനുഭവിക്കേണ്ടി വരും.
കുട്ടികളുടെ സ്വകാര്യതയും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരുടെ ഉദ്ദേശം എത്രതന്നെ ന്യായീകരിക്കപ്പെട്ടാലും ശിക്ഷയില്‍ നിന്ന് ഒഴിവാവില്ല. കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത് കൂടുതല്‍ കര്‍ശനമായി നടപ്പാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam