ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനം യുഎഇയിലെത്തി; വിവിധ മേഖലകളില്‍ ചര്‍ച്ച

By Web TeamFirst Published Aug 31, 2020, 7:52 PM IST
Highlights

കോക്പിറ്റ് വിന്‍ഡോയ്ക്ക് മുകളില്‍ 'സമാധാനം' എന്ന് അറബിയിലും ഇംഗ്ലീഷിലും ഹീബ്രുവിലും ആലേഖനം ചെയ്ത വിമാനമാണ് തിങ്കളാഴ്ച വൈകുന്നേരം യുഎഇ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. നിക്ഷേപം, സാമ്പത്തികം, ആരോഗ്യം, ബഹിരാകാശം, വ്യോമയാനം, വിദേശനയം, നയതന്ത്രം, ടൂറിസം, സാംസ്‍കാരികം തുടങ്ങിയ മേഖലകളില്‍ നിന്നെല്ലാമുള്ള പ്രതിനിധികള്‍ യുഎഇയിലെത്തിലെത്തിയിട്ടുണ്ട്. 

അബുദാബി: യുഎഇ-ഇസ്രയേല്‍ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനം അബുദാബിയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സീനിയര്‍ അഡ്വൈസര്‍ ജറാഡ് കുഷ്നറുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍-ഇസ്രയേലി നയതന്ത്ര സംഘമാണ് വിമാനത്തില്‍ അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്ചെയ്തു.

കോക്പിറ്റ് വിന്‍ഡോയ്ക്ക് മുകളില്‍ 'സമാധാനം' എന്ന് അറബിയിലും ഇംഗ്ലീഷിലും ഹീബ്രുവിലും ആലേഖനം ചെയ്ത വിമാനമാണ് തിങ്കളാഴ്ച വൈകുന്നേരം യുഎഇ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. നിക്ഷേപം, സാമ്പത്തികം, ആരോഗ്യം, ബഹിരാകാശം, വ്യോമയാനം, വിദേശനയം, നയതന്ത്രം, ടൂറിസം, സാംസ്‍കാരികം തുടങ്ങിയ മേഖലകളില്‍ നിന്നെല്ലാമുള്ള പ്രതിനിധികള്‍ യുഎഇയിലെത്തിലെത്തിയിട്ടുണ്ട്. ഇവര്‍ ഈ രംഗങ്ങളിലെ സഹകരണം സംബന്ധിച്ച് യുഎഇയിലെ വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തും. വിവിധ രംഗങ്ങളില്‍ സഹകരിച്ചും ഒത്തൊരുമിച്ചും മുന്നോട്ട് പോകുന്നതിനുള്ള പദ്ധതികള്‍ ഈ ചര്‍ച്ചകളില്‍ രൂപം കൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ മികച്ച നേതൃത്വമെന്നാണ് ജറാഡ് കുഷ്നര്‍ വിശേഷിപ്പിച്ചത്.

ഇസ്രയേലിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ എല്‍ അല്‍ എയര്‍ലൈന്‍സിന്റെ എല്‍.വൈ 971 വിമാനം പ്രാദേശിക സമയം 11.21നാണ് തെല്‍ അവീവിലെ ബെന്‍ ഗുരിയന്‍ വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്ക് യാത്ര തിരിച്ചത്. സൗദി അറേബ്യയുടെ വ്യോമ പാതയിലൂടെയായിരുന്നു യാത്ര. പ്രതിനിധി സംഘവുമായി വിമാനം ചൊവ്വാഴ്ച ഇസ്രയേലിലേക്ക് മടങ്ങും. ഇരു രാജ്യങ്ങളും തമ്മില്‍ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് നേരത്തെ തന്നെ ഇസ്രായേല്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു.

click me!