യുഎഇയില്‍ കൊവിഡ് ബാധിച്ച് അഞ്ച് പ്രവാസികള്‍ മരിച്ചു; 432 പേര്‍ക്ക് കൂടി രോഗം

By Web TeamFirst Published Apr 16, 2020, 10:45 AM IST
Highlights
പുതുതായി 101 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1,034 ആയി. കൊവിഡ് ബാധിച്ച് അഞ്ച് പ്രവാസികള്‍ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡില്‍ മരണസംഖ്യ 33 ആയി ഉയര്‍ന്നു. 
അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് അഞ്ചു പ്രവാസികള്‍ മരിച്ചു. രാജ്യത്ത് ബുധനാഴ്ച 432 പേര്‍ക്ക് കൂടി പുതുതായി രോഗംസ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,365 ആയി. 

പുതുതായി 101 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1,034 ആയി.അഞ്ച് പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡില്‍ മരണസംഖ്യ 33 ആയി ഉയര്‍ന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധനകള്‍ വ്യാപിപ്പിച്ചെന്നും 767,000 കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

അതേസമയം കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി യുഎഇയില്‍ ദുബായ്, അബുദാബി, ഷാര്‍ജ എമിറേറ്റുകളിലെ തൊഴിലാളികള്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ എമിറേറ്റുകളിലെ തൊഴിലാളികളെ മറ്റ് എമിറേറ്റുകളിലേക്ക് കൊണ്ടുപോകരുതെന്ന് നഗരസഭ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.ബുധനാഴ്ച മുതലാണ് നിയന്ത്രണം ആരംഭിച്ചത്. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കരാര്‍ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.

ദുബായില്‍ ചില വിഭാഗം തൊഴിലാളികള്‍ക്ക് മാത്രമാണ് നിലവില്‍ പുറത്തിറങ്ങാന്‍ അനുമതിയുള്ളത്. കൊവിഡ് വ്യാപനം തടയാനും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ഷാര്‍ജ സാമ്പത്തിക വകുപ്പ്(എസ്ഇഡിഡി) അറിയിച്ചു.

വിലക്ക് ലംഘിക്കുന്നവര്‍ പിഴയും മറ്റ് നിയമ നടപടികളും നേരിടേണ്ടി വരും. ശുചീകരണം, ഭക്ഷണം, സ്വകാര്യ സുരക്ഷ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയതായി ചെയര്‍മാന്‍ സുല്‍ത്താന്‍ അബ്ദുല്ല ബിന്‍ ഹദ്ദ അല്‍ സുവൈദി പറഞ്ഞു.


 
click me!