ശൈഖ് ഖലീഫ ഭരണമേറ്റെടുത്തതിന്റെ ഓര്‍മപുതുക്കി യുഎഇ; ദേശീയ പതാക ദിനാഘോഷത്തില്‍ പങ്കാളികളായി പ്രവാസികളും

By Web TeamFirst Published Nov 3, 2020, 11:47 PM IST
Highlights

ഇമറാത്തി പൗരൻമാരും പ്രവാസികളും സന്ദർശകരും ആഘോഷത്തിൽ പങ്കുചേര്‍ന്നു. ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ലൈബ്രറികൾ എന്നിവിടങ്ങളിലെല്ലാം ദേശീയ പതാക ഉയര്‍ന്നു. കർശന കൊവിഡ് സുരക്ഷയോടെയായിരുന്നു ഇത്തവണത്തെ പതാകയുയർത്തൽ ചടങ്ങ്. 

ദുബൈ: ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന്റെ ഓര്‍മ്മ പുതുക്കി രാജ്യം ദേശീയ പതാകദിനം ആചരിച്ചു. സ്വദേശികളും വിദേശികളുമടക്കം നിരവധിപേര്‍ ചടങ്ങിന്റെ ഭാഗമായി

രാവിലെ 11 മണിക്ക് രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തി. വാഹനങ്ങളും വീടുകളും ദേശീയ പതാകകളാൽ അലംകൃതമായി. 2013 മുതലാണ് പതാകദിനാചരണം തുടങ്ങിയത്. ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യു.എ.ഇ. പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ദിനമായ നവംബർ മൂന്നിനാണ് എല്ലാ വർഷവും പതാക ദിനം ആചരിക്കുന്നത്. യു.എ.ഇയുടെ ഐക്യവും പരമാധികാരവും അഖണ്ഡതയും വിളിച്ചോതുന്നതാണ് പതാകദിനം. 

ഇമറാത്തി പൗരൻമാരും പ്രവാസികളും സന്ദർശകരും ആഘോഷത്തിൽ പങ്കുചേര്‍ന്നു. ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ലൈബ്രറികൾ എന്നിവിടങ്ങളിലെല്ലാം ദേശീയ പതാക ഉയര്‍ന്നു. കർശന കൊവിഡ് സുരക്ഷയോടെയായിരുന്നു ഇത്തവണത്തെ പതാകയുയർത്തൽ ചടങ്ങ്. ദുബായ് പൊലീസിന്റെ സഹകരണത്തോടെ ദുബായ് മംസാർ പാർക്കിൽ  കേരളത്തിലെ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ അക്കാഫ് പതാക ദിനം ആചരിച്ചു. യു.എ.ഇയുടെ ഉന്നമനത്തിനായി സ്വജീവിതം ഉഴിഞ്ഞുവെച്ച നേതാക്കളുടെയും കൂടുതൽ ഔന്നത്യങ്ങളിലേക്കു കൈപിടിച്ച് നയിക്കുന്ന ഭരണകർത്താക്കളെയും അടുത്തറിയാൻ സമാഗമം  സഹായകമായതായി അധികൃതര്‍ പറഞ്ഞു.ചുവപ്പും പച്ചയും വെള്ളയും കറുപ്പും ചേരുന്ന പതാകയിലൂടെ ധൈര്യവും പ്രതീക്ഷയും സമാധാനവും വിജയവും തിരിച്ചറിഞ്ഞ മണിക്കൂറുകളാണ് പതാകദിനം സമ്മാനിച്ചത്. ദുബായ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഉമർ മുസ്ലിം ചടങ്ങില്‍ മുഖ്യാ‍തിഥിയായി.

click me!