വിമാനത്തിനുള്ളില്‍ യാത്രക്കാരിക്ക് ഹൃദയാഘാതം; റിയാദില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

By Web TeamFirst Published Dec 29, 2019, 6:49 PM IST
Highlights
  • ന്യൂയോർക്കിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന വിമാനത്തിനുള്ളില്‍ ഇന്ത്യക്കാരിക്ക് ഹൃദയാഘാതം.
  • അടിയന്തരമായി വിമാനം റിയാദിലിറക്കി. 

റിയാദ്: യാത്രക്കിടയിൽ ഇന്ത്യൻ വയോധികയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ന്യൂയോർക്കിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന വിമാനം റിയാദിൽ അടിയന്തരമായി ഇറക്കി. അറുപത് വയസുകാരിയായ ആന്ധ്രാ സ്വദേശിനി ബാലനാഗമ്മയെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ന്യൂയോർക്കിൽ നിന്ന് അബുദാബി വഴി ഇന്ത്യയിലേക്ക് പോകുന്ന ഇത്തിഹാദ് വിമാനത്തിനാണ് വെള്ളിയാഴ്ച വൈകീട്ട് റിയാദ് കിങ് ഖാലിദ് ഇൻറർനാഷണൽ എയർപ്പോർട്ടിൽ എമർജൻസി ലാൻഡിങ് നടത്തേണ്ടിവന്നത്. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനി ബാല നാഗമ്മയെ ഉടനെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ കഴിയുന്ന രോഗി അപകടനില തരണം ചെയ്തു. ബോധം തിരിച്ചുകിട്ടി. ന്യൂയോർക്കിലുള്ള മകൻ സുരേഷിൻറെ അടുത്തുനിന്ന് സ്വദേശത്തേക്കുള്ള മടക്കയാത്രയിലായിരുന്നു ബാല നാഗമ്മ. വിമാനത്തിൽ വെച്ച് ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് സഹയാത്രക്കാർ ജീവനക്കാരെ വിവരം അറിയിക്കുകയും പൈലറ്റ് തൊട്ടടുത്തുള്ള വിമാനത്താവളം ഏതെന്ന് കണ്ടെത്തി റിയാദിൽ അടിയന്തരമായി ഇറക്കാൻ അനുമതി തേടുകയുമായിരുന്നു.

Read More: സൗദിയിൽ ന്യൂഇയർ ആഘോഷത്തിന് അനുമതിയില്ല

ലാൻഡിങ് നടത്തിയ ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ ടീം രോഗിയെ ഏറ്റെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മലയാളി സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടാണ് റിയാദിൽ ബാല നാഗമ്മയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത്. അസുഖം ഭേദപ്പെട്ടാലുടൻ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

click me!