
ദില്ലി: മാര്‍ച്ച് മുതല്‍ വിമാന ടിക്കറ്റ് നിരക്കില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് ഈ മാസം ആദ്യം മുതല്‍ 10 ശതമാനം വില വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
ഇന്ധന വിലവര്‍ദ്ധനവിന് പുറമെ അവധിക്കാലം വരുന്നതോടെ വിമാനങ്ങളില്‍ തിരക്കേറുന്ന സമയവുമാണ് വരാനിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ടിക്കറ്റ് നിരക്ക് കൂട്ടുന്ന പതിവിന് പുറമെ ഇന്ധന വില വര്‍ദ്ധനവ് കൂടി കമ്പനികള്‍ യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ നാട്ടിലേക്കും തിരിച്ചുമുള്ള പ്രവാസികളുടെ യാത്രക്ക് ചിലവേറും. പല വിമാന കമ്പനികളും ഇപ്പോള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി അടുത്തിടെ 19 സര്‍വീസുകളാണ് ജെറ്റ് എയര്‍ലൈന്‍സ് റദ്ദാക്കിയത്. ഇന്റിഗോയും സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ആവശ്യത്തിന് പൈലറ്റുമാരില്ലാത്തതാണ് സര്‍വീസുകള്‍ കുറയ്ക്കാന്‍ കാരണമെന്ന് ഇന്റിഗോ വിശദീകരിച്ചിട്ടുണ്ട്. ഏപ്രില്‍ വരെയുള്ള താല്‍കാലിക നിയന്ത്രണമാണിതെന്നും കമ്പനി പറയുന്നു. സര്‍വീസുകളുടെ എണ്ണം കുറയുമ്പോള്‍ ഉള്ള വിമാനങ്ങളില്‍ തിരക്കേറുന്നത് മുതലാക്കി കമ്പനികള്‍ പിന്നെയും നിരക്ക് കൂട്ടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam