യുഎഇയിലേക്ക് സര്‍വീസ് നടത്താന്‍ ഫ്ലൈ ദുബായും; നിരക്ക് പകുതിയിലേറെ കുറച്ച് എയര്‍ഇന്ത്യ എക്സ്‍പ്രസ്

By Web TeamFirst Published Jul 11, 2020, 6:29 PM IST
Highlights

വന്ദേ ഭാരത് മിഷന്റെ ഭാഗമായി യുഎഇയിലേക്ക് പോകുന്ന വിമാനങ്ങളില്‍ ഇവിടെ നിന്നുള്ള പ്രവാസികള്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ധാരണ പ്രകാരം ഒരുങ്ങിയത്. 26 വരെയാണ് ഇങ്ങനെ പ്രവാസികള്‍ക്ക് മടങ്ങാനുള്ള അവസരമുള്ളത്. 

കോഴിക്കോട്: എയര്‍ഇന്ത്യ എക്സ്പ്രസിനും എമിറേറ്റ്സിനും പിന്നാലെ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് പ്രഖ്യാപിച്ച് ഫ്ലൈ ദുബായ് എയര്‍ലൈന്‍സ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ദുബായിലാക്ക് ഈ മാസം 26 വരെയാണ് ഫ്ലൈ ദുബായ് സർവീസ്. അതേസമയം എമിറേറ്റ്സ് എയര്‍ലൈന്‍സ് കുറഞ്ഞ നിരക്കില്‍ സര്‍വീസ് പ്രഖ്യാപിച്ചതിന് പിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് പകുതിയിലേറെ കുറിച്ചു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി യുഎഇയിലേക്ക് പോകുന്ന വിമാനങ്ങളില്‍ ഇവിടെ നിന്നുള്ള പ്രവാസികള്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ധാരണ പ്രകാരം ഒരുങ്ങിയത്. 26 വരെയാണ് ഇങ്ങനെ പ്രവാസികള്‍ക്ക് മടങ്ങാനുള്ള അവസരമുള്ളത്. ഇതനുസരിച്ച് എയര്‍ ഇന്ത്യ എക്സ്‍പ്രസ് നേരത്തെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. പിന്നാലെ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സും ഫ്ലൈ ദുബായിയും ഇന്ന് അറിയിക്കുകയായിരുന്നു.  

തുടക്കത്തില്‍ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസ് പ്രഖ്യാപിച്ചത്. ബജറ്റ് എയര്‍ലൈനാണെങ്കിലും കനത്ത ടിക്കറ്റ് നിരക്കായിരുന്നു ഈടാക്കിയിരുന്നത്. ദുബായിലേക്ക് ചുരുങ്ങിയത് 29,650 രൂപയും ഷാര്‍ജയിലേക്ക് വണ്‍വേ ടിക്കറ്റിന് 24,650 രൂപയും ഈടാക്കിയായിരുന്നു ബുക്കിങ്. എന്നാല്‍ ഇന്ന് ബുക്കിങ് ആരംഭിച്ച എമിറേറ്റ്സിന്റെ നിരക്ക് ഇതിന്റെ പകുതിയോളം മാത്രമായിരുന്നു. കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് 12000 രൂപയാണ് എമിറേറ്റ്സിന്റെ ടിക്കറ്റ് നിരക്ക്.

എമിറേറ്റ്സിന് പിന്നാലെ ഫ്ലൈ ദുബായും സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെ നേരത്തെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വന്‍ കുറവ് വരുത്തി. വണ്‍ വേ ടിക്കറ്റിന് 15,000 രൂപയിൽ അധികമാണ് കുറച്ചത്. ജോലിയില്‍ പെട്ടെന്ന് പ്രവേശിക്കേണ്ടവര്‍, ഇപ്പോള്‍ യുഎഇയിലുള്ള പ്രവാസികളുടെ, കേരളത്തില്‍ കുടുങ്ങിയ ബന്ധുക്കള്‍ തുടങ്ങി അത്യാവശ്യമുള്ളവരാണ് ഇപ്പോള്‍ യുഎഇയിലേക്ക് പോകാന്‍ തിടുക്കപ്പെടുന്നത്. ഇവരെ പിഴിയുന്ന നിരക്കായിരുന്നു ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മറ്റ് വിമാനക്കമ്പനികള്‍ കൂടി സര്‍വീസ് തുടങ്ങുന്നതോടെ പ്രവാസികള്‍ക്ക് ആശ്വാസമായി. 

സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങള്‍ യുഎഇയിലേക്കുള്ള ഓഫ് സീസണാണ്. ആറായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് കഴിഞ്ഞ വര്‍ഷം ഇക്കാലത്ത് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്. മറ്റന്നാള്‍ മുതലാണ് എമിറേറ്റ്സ് സര്‍വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരം കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് ദുബൈയിലേക്കാണ് ആദ്യ സർവീസുകൾ നിശ്ചയിച്ചിരിക്കുന്നത്.  

click me!