
ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും പുലർച്ചെ സമയങ്ങളിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള കാലാവസ്ഥാ പ്രവചനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്തുടനീളം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. രാത്രികാലങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കാൻ സാധ്യതയുണ്ട്. ഇത് ഞായറാഴ്ച പുലർച്ചെ തീരദേശ,-ഉൾനാടൻ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ കാരണമാകും. ഈ സമയങ്ങളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ താപനില 29 ഡിഗ്രി സെൽഷ്യസ് മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. രാത്രിയിൽ ഇത് 11 ഡിഗ്രി സെൽഷ്യസ് മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയായി കുറയും. മലയോര മേഖലകളിൽ തണുപ്പ് കൂടുതലായിരിക്കും.
ഞായറാഴ്ച താപനിലയിൽ നേരിയ കുറവുണ്ടാകുമെങ്കിലും ചൊവ്വാഴ്ചയോടെ ചൂട് വീണ്ടും വർധിക്കാൻ തുടങ്ങും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും. എന്നാൽ ബുധനാഴ്ച രാത്രിയോടെ കാറ്റിന്റെ വേഗത വർധിക്കുമെന്നും വ്യാഴാഴ്ച പുലർച്ചെ അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും പുലർച്ചെ സമയങ്ങളിൽ മൂടൽമഞ്ഞ് തുടരാൻ സാധ്യതയുണ്ട്. പുലർച്ചെയും രാത്രി വൈകിയും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam