യുഎഇയില്‍ വയോധികനെ കഴുത്ത് ഞെരിച്ച് കൊന്ന വീട്ടുജോലിക്കാരന് ശിക്ഷ വിധിച്ചു

By Web TeamFirst Published Sep 7, 2021, 11:11 PM IST
Highlights

രണ്ട് മണിക്കൂറിന് ശേഷം ജോലിക്കാരന്‍ ഭാര്യയെ വിളിക്കുകയും ഭര്‍ത്താവിന് ബോധമില്ലെന്ന് അറിയിക്കുകയുമായിരുന്നു. വീട്ടിലെത്തി നോക്കുമ്പോള്‍ ഭര്‍ത്താവ് ഫ്രിഡ്‍ജിന് സമീപത്ത് നിലത്തുവീണ് കിടക്കുകയായിരുന്നവെന്നാണ് മൊഴി. 

ദുബൈ: യുഎഇയില്‍ വയോധികനെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തില്‍ വീട്ടുജോലിക്കാരന് ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചു. 30 വയസുകാരനായ പാകിസ്ഥാന്‍ സ്വദേശിയാണ് യുഎഇ പൗരനെ വസ്‍ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. കഴിഞ്ഞ ജൂണ്‍ 16നായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്.

പ്രമേഹ രോഗിയായിരുന്ന വയോധികനെ ഹോര്‍ അല്‍ അന്‍സിലെ വീട്ടില്‍ പരിചരിക്കാന്‍ ജോലിക്കാരനെ നിര്‍ത്തിയ ശേഷം ഭാര്യ പുറത്തുപോയിരുന്ന സമയത്താണ് കൊലപാതകം നടന്നത്. രണ്ട് മണിക്കൂറിന് ശേഷം ജോലിക്കാരന്‍ ഭാര്യയെ വിളിക്കുകയും ഭര്‍ത്താവിന് ബോധമില്ലെന്ന് അറിയിക്കുകയുമായിരുന്നു. വീട്ടിലെത്തി നോക്കുമ്പോള്‍ ഭര്‍ത്താവ് ഫ്രിഡ്‍ജിന് സമീപത്ത് നിലത്തുവീണ് കിടക്കുകയായിരുന്നവെന്നാണ് മൊഴി. ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുകയും മറ്റൊരിടത്ത് താമസിച്ചിരുന്ന ഇയാളുടെ മക്കളെ വിവരമറിയിക്കുകയും ചെയ്‍തു. മക്കള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കഴുത്തിന് ചുറ്റും ഒരു തുണി ശ്രദ്ധയില്‍പെട്ടത്. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ജോലിക്കാരന്‍ വെറുതെ ചിരിക്കുക മാത്രം ചെയ്‍തുവെന്നും ഇവര്‍ പറഞ്ഞു.

വീട്ടുജോലിക്കാരന്‍ തന്നെ അസഭ്യം പറയാറുണ്ടെന്നും ഉപദ്രവിക്കാനും ശ്വാസം മുട്ടിക്കാനും ശ്രമിക്കാറുണ്ടായിരുന്നെന്നും ഒരു മാസം മുമ്പുതന്നെ പിതാവ് പറഞ്ഞിരുന്നെന്നും എന്നാല്‍ അത് സത്യമാണെന്ന് കരുതിയില്ലെന്നും മക്കള്‍ പറഞ്ഞു. പൊലീസില്‍ വിവരമറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും വീട്ടുജോലിക്കാരന്‍ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.

കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം തന്നെ ഇയാളെ പൊലീസ് സംഘം കണ്ടെത്തി അറസ്റ്റ് ചെയ്‍തു. സംഭവ ദിവസം വയോധികന്‍ തന്നെ ഉപദ്രവിക്കാനും ശ്വാസം മുട്ടിക്കാനും ശ്രമിച്ചെന്നും സ്വയം പ്രതിരോധമായി താന്‍ തിരികെ അയാളെയും ശ്വാസം മുട്ടിക്കുകയായിരുന്നുവെന്നുമാണ് പ്രതി മൊഴി നല്‍കിയത്. ആസൂത്രിതമായ കൊലപാതകമല്ല നടന്നതെന്നും ഇയാള്‍ വാദിച്ചു. വിചാരണ പൂര്‍ത്തിയാക്കിയ ശേഷം കോടതി ചൊവ്വാഴ്‍ച ജീവപര്യന്തം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.

click me!