
മനാമ: വ്യാജ കൊവിഡ് പരിശോധനാ ഫലവുമായി (Fake Covid 19 Result) ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ച വ്യവസായിക്ക് 12 മാസം ജയില്‍ ശിക്ഷ വിധിച്ചു. നേരത്തെ നടത്തിയ ഒരു പി.സി.ആര്‍ പരിശോധനാ ഫലത്തില്‍ കംപ്യൂട്ടര്‍ സഹായത്തോടെ തീയ്യതി മാറ്റിയാണ് ഇയാള്‍ യാത്രചെയ്യാന്‍ ശ്രമിച്ചത്. കിങ് ഫഹദ് കോസ്‍വേയില്‍ വെച്ച് ജൂണ്‍ മൂന്നിനായിരുന്നു അറസ്റ്റ്.
ഏപ്രില്‍ 14ന് നടത്തിയ കൊവിഡ് പരിശോധനാ ഫലത്തില്‍ ജൂണ്‍ 3 എന്ന് തിരുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. സൗദി അറേബ്യയില്‍ താമസിക്കുന്ന തന്റെ മകന്‍ രോഗിയായിരുന്നുവെന്നും എത്രയും പെട്ടെന്ന് മകന്റെ അടുത്ത് എത്താനുള്ള നല്ല ഉദ്ദേശത്തോടെയാണ് പി.സി.ആര്‍ പരിശോധനാ ഫലം തിരുത്തിയതെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു.
കോസ്‍വേയില്‍ സൗദി അധികൃതര്‍ പരിശോധന നടത്തിയപ്പോള്‍ കൊവിഡ് റിസള്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് കാണാത്തതിനെ തുടര്‍ന്നാണ് സംശയം തോന്നിയത്. ഇതോടെ ബഹ്റൈനിലെ 'BeAware' ആപ് കാണിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് അവസാനം പരിശോധന നടത്തിയത് ഏപ്രില്‍ മാസത്തിലാണെന്ന് കണ്ടെത്തിയത്. അറസ്റ്റ് ചെയ്‍ത് ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
മകന്‍ ആശുപത്രിയിലാണെന്ന് ഭാര്യ വിളിച്ച് പറഞ്ഞപ്പോള്‍ എത്രയും വേഗം തനിക്ക് അവിടെ എത്തണമെന്നുണ്ടായിരുന്നുവെന്നും പരിശോധനാ ഫലം കിട്ടാന്‍ 12 മണിക്കൂര്‍ വൈകുമെന്നുള്ളതിനാലാണ് പഴയ പരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ചതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ കോസ്‍വേയില്‍ വെച്ച് അറസ്റ്റിലായ തനിക്ക് മകനെ ആശുപത്രിയില്‍ പോയി സന്ദര്‍ശിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam