യുഎഇയില്‍ ജോലി ചെയ്യുന്ന കമ്പനിയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ വിദേശി മുങ്ങി

By Web TeamFirst Published Jan 2, 2021, 6:23 PM IST
Highlights

വ്യാജ രസീതുകളുണ്ടാക്കി തുക പെരുപ്പിച്ച് കാട്ടിയാണ് പണം തട്ടിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള ഇടപാടുകള്‍ ഇയാളാണ് നടത്തിയിരുന്നതെന്നും എന്നാല്‍ ചില ലൈസന്‍സുകള്‍ പുതുക്കാതെ വന്നപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍പെട്ടതെന്നും സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്‍ മൊഴി നല്‍കി.

ദുബൈ: ജോലി ചെയ്യുന്ന കമ്പനിയില്‍ വ്യാജ രേഖ ചമച്ച് ലക്ഷങ്ങള്‍ തട്ടിയ വിദേശി ജീവനക്കാരനെതിരെ കോടതിയില്‍ നടപടി തുടങ്ങി. 21 വ്യാജ രേഖകള്‍ നിര്‍മിച്ച്  7,87,629 ദിര്‍ഹമാണ് സെയില്‍സ് മാനേജരായി ജോലി ചെയ്‍തിരുന്ന ഇയാള്‍ തട്ടിയെടുത്തതെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. പ്രതി ഇപ്പോള്‍ ഒളിവിലാണ്.

34കാരനായ പ്രതിക്കായിരുന്നു കമ്പനിയുടെ ട്രേഡ് ലൈസന്‍സ് പുതുക്കുന്നതിനും സര്‍ക്കാറുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ നടത്തുന്നതിന്റെയും ചുമതലയുണ്ടായിരുന്നത്. ഇത് മുതലെടുത്ത് വ്യാജ രസീതുകളുണ്ടാക്കി തുക പെരുപ്പിച്ച് കാട്ടിയാണ് പണം തട്ടിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള ഇടപാടുകള്‍ ഇയാളാണ് നടത്തിയിരുന്നതെന്നും എന്നാല്‍ ചില ലൈസന്‍സുകള്‍ പുതുക്കാതെ വന്നപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍പെട്ടതെന്നും സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്‍ മൊഴി നല്‍കി.

സര്‍ക്കാറിലേക്കുള്ള ഫീസ് അടയ്ക്കുന്നതിന് 5,68,292 ദിര്‍ഹം കമ്പനിയുടെ ഫിനാന്‍സ് വിഭാഗത്തില്‍ നിന്ന് കൈപ്പറ്റിയെങ്കിലും പണം അടച്ചില്ല. ഇതിനുപുറമെ 2,18,490 ദിര്‍ഹത്തിന്റെ വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ചും പണം തട്ടി. തട്ടിപ്പ് കണ്ടുപിടിച്ച് സ്ഥാപനമുടമ ചോദ്യം ചെയ്‍തതോടെ കുറ്റം സമ്മതിക്കുകയും പണം തിരികെ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്‍തു. എന്നാല്‍ നല്‍കിയ ചെക്കുകളെല്ലാം പണമില്ലാതെ മടങ്ങിയതോടെയാണ് ബര്‍ദുബൈ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തത്. തട്ടിപ്പിനും പണം അപഹരിച്ചതിനും പ്രോസിക്യൂഷന്‍ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. കേസ് ഫെബ്രുവരി 24ന് ഇനി കോടതി പരിഗണിക്കും

click me!