പ്രവാസി നിക്ഷേപകനെ കുത്തിക്കൊലപ്പെടുത്തി വന്‍ തുക കവര്‍ന്നു; രാജ്യം വിടാനുള്ള ശ്രമത്തിനിടെ നാലുപേര്‍ പിടിയില്‍

By Web TeamFirst Published Nov 2, 2020, 9:11 PM IST
Highlights

നിരവധി തവണ കുത്തേറ്റതിന്റെ മുറിവുകള്‍ മൃതദേഹത്തിലുണ്ടായിരുന്നു. രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് ഏഷ്യക്കാരായ നാലുപേര്‍ പിടിയിലായത്. വിമാനം പറന്നുയരാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കുമ്പോഴാണ് രാജ്യം വിടാന്‍ ശ്രമിച്ച പ്രതികളെ പിടികൂടിയത്.

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ ഏഷ്യക്കാരനായ നിക്ഷേപകന്റെ മരണവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരണപ്പെട്ട നിക്ഷേപകന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒരു ലക്ഷം ദിര്‍ഹവും മോഷ്ടിക്കപ്പെട്ടിരുന്നു. പിടിയിലായ നാലുപേരും ഏഷ്യക്കാരാണ്.

അജ്മാനിലെ അല്‍ റവ്ധ ഏരിയിയിലെ കെട്ടിടത്തിലാണ് നിക്ഷേപകന്റെ മൃതദേഹം കണ്ടെത്തിയത്. നിരവധി തവണ കുത്തേറ്റതിന്റെ മുറിവുകള്‍ മൃതദേഹത്തിലുണ്ടായിരുന്നു. രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് ഏഷ്യക്കാരായ നാലുപേര്‍ പിടിയിലായത്. വിമാനം പറന്നുയരാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കുമ്പോഴാണ് രാജ്യം വിടാന്‍ ശ്രമിച്ച പ്രതികളെ പിടികൂടിയതെന്ന് അജ്മാന്‍ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം ഡയറക്ടര്‍ ലഫ്.കേണല്‍ അഹ്മദ് സഈദ് അല്‍ നുഐമി പറഞ്ഞു.

റാവ്ധയിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന 32കാരനായ ഏഷ്യന്‍ സ്വദേശിയെ കാണാനില്ലെന്ന് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആറ് മണിക്കൂറിനുള്ളില്‍ പൊലീസ് കേസിലെ പ്രതികളെ കണ്ടെത്തി. അപ്പാര്‍ട്ട്‌മെന്റിലെത്തിയ പൊലീസ് പട്രോള്‍ സംഘം പലതവണ വിളിച്ചെങ്കിലും ആരും പ്രതികരിക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ലഫ്. കേണല്‍ അല്‍ നുഐമി പറഞ്ഞു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം, പ്രോസിക്യൂട്ടര്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ ഇത് കാണാതായ നിക്ഷേപകന്റെ മൃതദേഹമാണെന്ന് ഉറപ്പാക്കി.

 തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന നാലുപേരെയാണ് പ്രതികളെന്ന് സംശയിച്ചത്. ഇവര്‍ രാജ്യം വിടുന്നതിന് മുമ്പ് ദുബൈ പൊലീസും വിമാനത്താവളത്തിലെ ഓപ്പറേഷന്‍സ് റൂമുമായി ബന്ധപ്പെടുകയായിരുന്നു. ഇവരിലൊരാളെ ഷാര്‍ജ പൊലീസിന്റെ സഹകരണത്തോടെ ഷാര്‍ജയില്‍ നിന്നാണ് പിടികൂടിയത്. പ്രവാസി നിക്ഷേപകന്‍ പുറത്തുപോയ സമയത്ത് ഇയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒരു ലക്ഷം ദിര്‍ഹം കവര്‍ന്നതായും ഇയാള്‍ തിരികെയെത്തിയപ്പോള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേസിലെ പ്രതികളെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമത്തെ ലഫ്. കേണല്‍ അല്‍ നുഐമി അഭിനന്ദിച്ചു. സംശയകരമായ പ്രവൃത്തികള്‍ കണ്ടാല്‍ പൊലീസില്‍ അറിയിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

click me!