സൗദിയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ സ്‌ഫോടനം

By Web TeamFirst Published Nov 11, 2020, 8:54 PM IST
Highlights

ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗ്രീസ്, ബ്രിട്ടീഷ്, ഇറ്റലി, അമേരിക്കന്‍ ഉദ്യോഗസ്ഥരും യൂറോപ്യന്‍ യൂനിയനില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി നയതന്ത്ര പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ജിദ്ദ: ജിദ്ദയിലെ ശ്മശാനത്തില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഒന്നാം ലോക മഹായുദ്ധ അനുസ്മരണ ചടങ്ങിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. റിയാദിലെ ഫ്രഞ്ച് എംബസി ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താകുറിപ്പ് പുറത്തിറക്കി. മുസ്‌ലിമിതര മതവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ജിദ്ദയിലെ ശ്മശാനത്തില്‍ ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിനിടെയാണ് സംഭവം.

ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗ്രീസ്, ബ്രിട്ടീഷ്, ഇറ്റലി, അമേരിക്കന്‍ ഉദ്യോഗസ്ഥരും യൂറോപ്യന്‍ യൂണിയനില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി നയതന്ത്ര പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആക്രമണത്തെ ഫ്രാന്‍സ് വിദേശ കാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.

അപകടസ്ഥലത്ത് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയ സൗദി ഉദ്യോഗസ്ഥരെ ഫ്രാന്‍സ് അഭിനന്ദിച്ചു. നിരപരാധികള്‍ക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ ലജ്ജാകരമാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഫ്രാന്‍സ് സൗദി അറേബ്യയോട് ആവശ്യപ്പെട്ടു.

പരമാവധി ജാഗ്രത പാലിക്കണമെന്ന് ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തിന് ശേഷം ശ്മശാനം ശക്തമായ സുരക്ഷാബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവം അന്വേഷിച്ചുവരികയാണെന്നും വിശദമായ റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും സൗദി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

click me!