Latest Videos

ഖത്തറില്‍ നാല് പേര്‍ക്ക് കൂടി കൊറോണ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്

By Web TeamFirst Published Mar 3, 2020, 10:47 AM IST
Highlights

ഞായറാഴ്ചയാണ് ഖത്തറില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് അന്നു തന്നെ മറ്റ് രണ്ടുപേര്‍ക്ക് കൂടി രാജ്യത്ത് കൊറോണ ബാധിച്ചതായി കണ്ടെത്തി. കഴിഞ്ഞ ദിവസം നാല് പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി.

ദോഹ: ഖത്തറില്‍ നാല് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. രണ്ട് ഖത്തരി പൗരന്മാര്‍ക്കും ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന രണ്ട് വീട്ടുജോലിക്കാര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 27ന് ഖത്തര്‍ ഭരണകൂടം പ്രത്യേക വിമാനത്തില്‍ ഇറാനില്‍ കൊണ്ടുവന്നവരുടെ സംഘത്തിലുണ്ടായിരുന്നവരാണ് ഇവര്‍. അന്നുമുതല്‍ പ്രത്യേക നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

ഞായറാഴ്ചയാണ് ഖത്തറില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് അന്നു തന്നെ മറ്റ് രണ്ടുപേര്‍ക്ക് കൂടി രാജ്യത്ത് കൊറോണ ബാധിച്ചതായി കണ്ടെത്തി. കഴിഞ്ഞ ദിവസം നാല് പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. എല്ലാ രോഗികളും കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്ററിലെ ഐസോലേഷന്‍ വിഭാഗത്തില്‍ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരവുമാണ്. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവര്‍ രാജ്യത്തെ മറ്റാരുമായും ബന്ധപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് അധികൃതര്‍ അറിയിച്ചു. ലക്ഷണങ്ങള്‍ കാണിക്കുന്നവരെ തുടര്‍ന്നും നിരീക്ഷിക്കും.

click me!