
കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത്, കള്ളപ്പണ കേസില്‍ ബംഗ്ലാദേശ് എംപിയ്ക്ക് കുവൈത്തില്‍ 19 ലക്ഷം ദിനാര്‍ പിഴയും നാലുവര്‍ഷം തടവുശിക്ഷയും വിധിച്ചു. ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം മുഹമ്മദ് ഷാഹിദ് ഇസ്ലാമിനാണ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. മുന്‍ ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറി മാസിന്‍ അല്‍ ജര്‍റാഹിനെയും കോടതി ശിക്ഷിച്ചു. ഇവര്‍ക്ക് പുറമെ മുന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഒരു വ്യവസായിക്കും കോടതി നാലുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. സിറിയന്‍ വംശജനായ ഒരാള്‍ക്ക് മൂന്നുവര്‍ഷം തടവുശിക്ഷയും വിധിച്ചു.
പാര്‍ലമെന്റ് അംഗം സഅദൂന്‍ ഹമ്മാദ്, മുന്‍ എംപി സാലിഹ് ഖുര്‍ഷിദ് എന്നിവരെ വെറുതെ വിട്ടു. മറാഫി കുവൈത്തിയ ഗ്രൂപ്പ് എംഡിയും സിഇഒയുമായ ബംഗ്ലാദേശ് എംപിക്കെതിരെ കഴിഞ്ഞ വര്‍ഷമാണ് അന്വേഷണം ആരംഭിച്ചത്. 2,700 ദിനാര്‍ വരെ ഈടാക്കി വിദേശത്ത് നിന്ന് തൊഴിലാളികളെ എത്തിച്ച ശേഷം വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ കബളിപ്പിച്ചതാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. 50 ലക്ഷം ഡോളര്‍ ഇയാള്‍ കുവൈത്തില്‍ നിന്ന് സമ്പാദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്നു കമ്പനികളിലേക്കായി 20,000 ബംഗ്ലാദേശി തൊഴിലാളികളെയാണ് കൊണ്ടുവന്നത്. തൊഴില്‍ കരാര്‍ പ്രകാരമുള്ള ശമ്പളമോ താമസസൗകര്യമോ ഇവര്‍ക്ക് നല്‍കിയിരുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ജോലിക്ക് ഹാജരാകാതിരുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ഇവര്‍ക്കെതിരെ ഒളിച്ചോട്ടത്തിന് കേസ് കൊടുക്കുകയും ചെയ്തിരുന്നു. കുവൈത്തില്‍ ജോലിക്കെത്തിയ ഷാഹിദ് ഇസ്ലാം ചുരുങ്ങിയ കാലംകൊണ്ട് തൊഴില്‍ സംരഭകനായി വളരുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ