വാട്‌സാപ്പ് വഴി പ്രലോഭിപ്പിച്ച് വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ചു; വിദേശി പൈലറ്റിനെ ആക്രമിച്ച് കവര്‍ച്ച

By Web TeamFirst Published Feb 4, 2021, 3:26 PM IST
Highlights

അകത്തേക്ക് പ്രവേശിച്ചതോടെ നാല് പുരുഷന്‍മാരും നാല് സ്ത്രീകളും ചേര്‍ന്ന് ഇയാളെ ശാരീരികമായി ഉപദ്രവിച്ചു. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ ഇരുമ്പ് വടി കൊണ്ട് അടിക്കുമെന്ന് സംഘം പൈലറ്റിനെ ഭീഷണിപ്പെടുത്തി.

ദുബൈ: വാട്‌സാപ്പ് വഴി പരിചയപ്പെട്ട് വിദേശി പൈലറ്റിനെ വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ച് പണം തട്ടിയെടുത്തു. കേസില്‍ നൈജീരിയക്കാരനായ പ്രതിക്ക് ദുബൈ പ്രാഥമിക കോടതി മൂന്നുവര്‍ഷം തടവുശിക്ഷയും നാടുകടത്തലും വിധിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 47കാരനായ കാനഡ സ്വദേശിയായ പൈലറ്റിനെ 26കാരനായ പ്രതിയും തട്ടിപ്പ് സംഘത്തിലെ സ്ത്രീ കൂട്ടാളികളും ചേര്‍ന്ന് വാട്‌സാപ്പ് സന്ദേശങ്ങള്‍ വഴി പ്രലോഭിപ്പിക്കുകയായിരുന്നു. അമേരിക്കന്‍ ടൂറിസ്റ്റ് എന്ന വ്യാജേന പൈലറ്റിനോട് സംസാരിച്ചത് തട്ടിപ്പ് സംഘത്തിലെ യുവതിയായിരുന്നു. ഈ യുവതിയെ കാണാന്‍ വേണ്ടി ബര്‍ ദുബൈയിലെത്തിയപ്പോഴാണ് പൈലറ്റ് ആക്രമിക്കപ്പെട്ടത്.

യുവതിയെ കാണാന്‍ വേണ്ടി അവര്‍ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ വാതില്‍ തുറന്നത് മറ്റൊരു സ്ത്രീയാണെന്നും താനുമായി വാട്‌സാപ്പില്‍ സംസാരിച്ച യുവതി അകത്തുണ്ടെന്ന് ഇവര്‍ പറഞ്ഞതായും പൈലറ്റ് വിശദമാക്കി. അകത്തേക്ക് പ്രവേശിച്ചതോടെ നാല് പുരുഷന്‍മാരും നാല് സ്ത്രീകളും ചേര്‍ന്ന് ഇയാളെ ശാരീരികമായി ഉപദ്രവിച്ചു. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ ഇരുമ്പ് വടി കൊണ്ട് അടിക്കുമെന്ന് സംഘം പൈലറ്റിനെ ഭീഷണിപ്പെടുത്തി.

പിന്നീട് അക്കൗണ്ട് വിവരങ്ങള്‍ അറിഞ്ഞ ശേഷം സംഘത്തിലൊരാള്‍ ബാങ്കില്‍ പോയി ‍തന്‍റെ അക്കൗണ്ടില്‍ നിന്ന് 19,454  ദിര്‍ഹം പിന്‍വലിച്ചതായി പൈലറ്റ് പറഞ്ഞു. തുടര്‍ന്ന് സ്ഥലത്ത് നിന്ന് പോകാന്‍ സംഘം ഇയാളെ അനുവദിച്ചു. രക്ഷപ്പെട്ട പൈലറ്റ് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി സംഘത്തിലെ മുഖ്യപ്രതിയായ നൈജീരിയക്കാരനെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിക്കെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കവര്‍ച്ച, ഭീഷണിപ്പെടുത്തി അനധികൃതമായി പണം തട്ടിയെടുക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. കൂടാതെ പ്രതി 21,954 ദിര്‍ഹം പിഴയും അടയ്ക്കണം. കോടതി വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം.  


 

click me!