കുരുമുളക് സ്പ്രേ അടിച്ച് ദുബായില്‍ മൂന്ന് ലക്ഷം ദിര്‍ഹം തട്ടി

By Web TeamFirst Published Sep 12, 2018, 11:57 PM IST
Highlights

ജബല്‍ അലി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അബുദാബി-ദുബായ് റോഡില്‍ വെച്ചായിരുന്നു സംഭവം. കാറില്‍ പണവുമായി പോവുകയായിരുന്ന നേപ്പാളി പൗരനെ ആക്രമിക്കാന്‍ മറ്റ് രണ്ട് കാറുകളിലായാണ് സംഘം എത്തിയത്.

ദുബായ്: വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം പണം തട്ടിയെടുത്ത സംഘത്തെ കോടതിയില്‍ ഹാജരാക്കി. പാകിസ്ഥാനിയായ 30 വയസുകാരന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ജോലി സ്ഥലത്ത് നിന്ന് പണവുമായി പോവുകയായിരുന്ന നേപ്പാളി പൗരനെയാണ് ഇവര്‍ ആക്രമിച്ചത്. 

ജബല്‍ അലി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അബുദാബി-ദുബായ് റോഡില്‍ വെച്ചായിരുന്നു സംഭവം. കാറില്‍ പണവുമായി പോവുകയായിരുന്ന നേപ്പാളി പൗരനെ ആക്രമിക്കാന്‍ മറ്റ് രണ്ട് കാറുകളിലായാണ് സംഘം എത്തിയത്. ആദ്യത്തെ കാറില്‍ ഇയാളെ പിന്തുടര്‍ന്ന ശേഷം മനഃപൂര്‍വ്വം കൂട്ടിമുട്ടിച്ച് അപകടമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്തി സംസാരിക്കുന്നതിനിടെ അടുത്ത കാറില്‍ മറ്റുള്ളവരെത്തി.

ശ്രദ്ധ തിരിച്ചശേഷം ഇവര്‍ കാറിലെ പണമടങ്ങിയ സ്യൂട്ട് കേസുമായി രക്ഷപെടാന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയുമായിരുന്നു. വാഹനം ഓടിച്ചിരുന്ന പാകിസ്ഥാനി പൗരനെ മുഖ്യ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ സെപ്തംബര്‍ 26ലേക്ക് മാറ്റിവെച്ചു.

click me!