
അബുദാബി: യാത്രയ്ക്കിടെ വാഹനം കേടായി വഴിയിലാകുന്നവര്‍ ഇനി പേടിക്കേണ്ടതില്ല. എമിറേറ്റിലെ റോഡുകളിലെ നിങ്ങളെ സഹായിക്കാന്‍ റോഡ് സര്‍വ്വീസ് പട്രോള്‍ സംഘമെത്തും. ഹെല്‍പ് ലൈന്‍ നമ്പറില്‍ ഒന്നു വിളിച്ച് വിവരം പറഞ്ഞാല്‍ മതി. ഉടനെ പ്രത്യേക ടീം നിങ്ങളുടെ വാഹനത്തിന്റെ അടുത്തെത്തി എല്ലാ സഹായവും സൗജന്യമായി നല്‍കുമെന്ന് അബുദാബി ട്രാന്‍സ്പോര്‍ട്ട് വകുപ്പാണ് ബുധനാഴ്ച അറിയിച്ചത്.
അത്യാവശ്യം വേണ്ട സാങ്കേതിക സഹായങ്ങള്‍ 24 മണിക്കൂറും റോഡുകളില്‍ സൗജന്യമായി ലഭ്യമാവുമെന്നാണ് അബുദാബി പൊലീസ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. അബുദാബിയിലെ ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും നിരത്തുകള്‍ സുരക്ഷിതമാക്കാനുമാണ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ലക്ഷ്യം. 80088888 എന്ന നമ്പറിലോ 999ലോ വിളിച്ച് അടിയന്തര സഹായം തേടാം. റോഡില്‍ ഗതാഗത തടസമുണ്ടാക്കുന്ന തരത്തില്‍ തകരാറിലായി കിടക്കുന്ന വാഹനമാണെങ്കില്‍ അവിടെ നിന്ന് സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റും.
ബ്രേക് ഡൗണായി കിടക്കുന്ന വാഹനങ്ങള്‍, ടയര്‍ മാറ്റല്‍, ബാറ്ററി തകരാറ് മൂലം വഴിയിലായ വാഹനങ്ങള്‍, ഇന്ധനമില്ലാതെയോ എഞ്ചിന്‍ കൂളന്റില്ലാതെയോ റോഡില്‍ കുടുങ്ങിയ വാഹനങ്ങള്‍ തുടങ്ങിയവയൊക്കെ നന്നാക്കാനുള്ള സംവിധാനങ്ങള്‍ റോഡ് സര്‍വീസ് പട്രോളിന്റെ വാഹനത്തിലുണ്ടാകും. ഇന്ധനം തീര്‍ന്ന വാഹനങ്ങളെ അടുത്ത പെട്രോള്‍ സ്റ്റേഷനില്‍ എത്തിക്കാനും സംവിധാനമുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam