കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്

By Web TeamFirst Published Aug 2, 2021, 10:17 AM IST
Highlights

ഇന്ത്യയിലെ ബജറ്റ് എയര്‍ലൈനായിരുന്ന ഗോ എയര്‍ എയര്‍ലൈന്‍സാണ് പേര് മാറ്റി ഗോ ഫസ്റ്റ് എയര്‍ലൈന്‍സായത്. 

ദോഹ: കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. ഓഗസ്റ്റ് അഞ്ച് മുതല്‍ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ മുംബൈയില്‍ നിന്നും ദോഹയിലേക്ക് സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ബജറ്റ് എയര്‍ലൈനായിരുന്ന ഗോ എയര്‍ എയര്‍ലൈന്‍സാണ് പേര് മാറ്റി ഗോ ഫസ്റ്റ് എയര്‍ലൈന്‍സായത്. കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നും ആഴ്‍ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാണ് നടത്തുന്നത്. വ്യാഴം, ശനി ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നും വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂര്‍ നിന്നും ദോഹയിലേക്ക് സര്‍വീസുകളുണ്ടാകും. മുംബൈയില്‍ നിന്ന് ആഴ്‍ചയില്‍ നാല് ദോഹ സര്‍വീസുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ഇത്.

ഇന്ത്യയ്‍ക്കും ഖത്തറിനും ഇടയില്‍ നിലവിലുള്ള എയര്‍ ബബ്ള്‍ കരാര്‍ ഓഗസ്റ്റ് അവസാനം വരെ നീട്ടിയതായി കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. നിലവില്‍ എയര്‍ ഇന്ത്യ, ഇന്റിഗോ, ഖത്തര്‍ എയര്‍വേയ്‍സ് എന്നിവയാണ് കേരളത്തില്‍ നിന്ന് ദോഹയിലേക്ക് സര്‍വീസ് നടത്തുന്നത്. ഒരു വിമാനക്കമ്പനി കൂടി എത്തുന്നതോടെ ടിക്കറ്റ് നിരക്കില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

click me!