
ദുബൈ: ആഗോള വിപണിയിലും ദുബൈയിലും സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. തിങ്കളാഴ്ച വിപണി തുടങ്ങിയപ്പോൾ ഗ്രാമിന് 11 ദിർഹം (ഏകദേശം 250 രൂപയ്ക്ക് മുകളിൽ) എന്ന നിരക്കിലാണ് വർധനവ് ഉണ്ടായത്. ഇതോടെ സാധാരണക്കാർക്കും നിക്ഷേപകർക്കും ഒരുപോലെ ആശങ്കയേറുകയാണ്.
യുഎഇ സമയം രാവിലെ 9 മണിക്ക് രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം വിവിധ കാരറ്റുകളിലെ സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 കാരറ്റ് സ്വർണം ഗ്രാമിന് 612 ദിർഹമാണ് നിരക്ക്. (ഈ വർഷം മാത്രം ഗ്രാമിന് 92 ദിർഹത്തിന്റെ വർധനവ്). 22 കാരറ്റിന് 566.75 ദിർഹവും 21 കാരറ്റ് സ്വര്‍ണം ഗ്രാമിന് 543.25 ദിർഹവും 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 465.75 ദിർഹവുമാണ് നിരക്ക്. കഴിഞ്ഞ ആഴ്ച മാത്രം അഞ്ച് തവണയാണ് ദുബൈയിൽ സ്വർണ്ണവില റെക്കോർഡ് നിലവാരത്തിലെത്തിയത്.
ആഗോള വിപണിയിൽ ആദ്യമായി സ്വർണവില ഔൺസിന് 5,000 ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ടു. തിങ്കളാഴ്ച രാവിലെ ഔൺസിന് 5,059 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗ്രീൻലൻഡ് വിഷയത്തിലും ഇറാനുമായുള്ള ബന്ധത്തിലും നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണ്ണവില ഉയരാൻ പ്രധാന കാരണം. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ പ്രവചനാതീതമായ നയങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വവും നിക്ഷേപകരെ സ്വർണ്ണത്തിലേക്ക് ആകർഷിക്കുന്നു.
പല രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾ തങ്ങളുടെ കരുതൽ ധനശേഖരത്തിൽ നിന്ന് ഡോളർ ഒഴിവാക്കി സ്വർണ്ണം വാങ്ങിക്കൂട്ടുന്നതും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു. ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങളെ പ്രതിരോധിക്കാനുള്ള ഒരു 'സുരക്ഷിത നിക്ഷേപം' ആയിട്ടാണ് ലോകം ഇപ്പോൾ സ്വർണ്ണത്തെ കാണുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam