അബുദാബി ടോള്‍; രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ആശ്വാസം പകര്‍ന്ന് പുതിയ അറിയിപ്പ്

By Web TeamFirst Published Jan 3, 2020, 4:05 PM IST
Highlights

ടോള്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇപ്പോള്‍ പിഴ നല്‍കേണ്ടിവരില്ലെന്നും മൂന്ന് മാസത്തെ ഗ്രേസ് പീരിഡ് അനുവദിക്കുന്നതായുമാണ് പുതിയ അറിയിപ്പില്‍ പറയുന്നത്. 

അബുദാബി: അബുദാബി ടോള്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹന ഉടമകള്‍ക്ക് ആശ്വാസം പകര്‍ന്ന് പുതിയ പ്രഖ്യാപനം. വാഹന ഉടമകള്‍ക്ക് മൂന്ന് മാസത്തെ ഗ്രേസ് പീരിഡ് അനുവദിക്കുന്നയായാണ് മുനിസിപ്പാലിറ്റീസ് വകുപ്പും ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്ററും അറിയിച്ചത്. വ്യാഴാഴ്ച മുതലാണ് ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്.

ടോള്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇപ്പോള്‍ പിഴ നല്‍കേണ്ടിവരില്ലെന്നും മൂന്ന് മാസത്തെ ഗ്രേസ് പീരിഡ് അനുവദിക്കുന്നതായുമാണ് പുതിയ അറിയിപ്പില്‍ പറയുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും അക്കൗണ്ടില്‍ ആവശ്യത്തിന് ബാലന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും മാത്രമാണ് വാഹന ഉടമകള്‍ ചെയ്യേണ്ടതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെങ്കിലും ദുബായ് ഉള്‍പ്പെടെ മറ്റ് എമിറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ടോള്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. സാങ്കേതിക പ്രശ്നം കാരണം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ പിഴ നല്‍കേണ്ടിവരുമോയെന്ന ആശങ്കയും നിരവധിപ്പേര്‍ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആശ്വാസം പകര്‍ന്ന് പുതിയ പ്രഖ്യാപനമെത്തിയത്. കഴിഞ്ഞ വര്‍ഷം അവസാനം തന്നെ ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തന സജ്ജമായിരുന്നെങ്കിലും വ്യാഴാഴ്ച മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്.

തിരക്കില്ലാത്ത സമയങ്ങളില്‍ ടോള്‍ ഗേറ്റ് കടന്നുപോകുന്ന വാഹനങ്ങള്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു. രാവിലെ ഏഴു മുതല്‍ ഒന്‍പത് വരെയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയുമുള്ള തിരക്കേറിയ സമയങ്ങളില്‍ മാത്രമേ 4 ദിര്‍ഹം വീതം ടോള്‍ ഈടാക്കുകയുള്ളൂവെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. തിരക്കില്ലാത്ത സമയങ്ങളില്‍ ടോള്‍ ഗേറ്റ് വഴി കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് പണം ഈടാക്കില്ല. തിരക്കില്ലാത്ത സമയങ്ങളിലും രണ്ട് ദിര്‍ഹം വീതം ടോള്‍ ഈടാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു. ടോള്‍ സിസ്റ്റത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വാഹനങ്ങള്‍ തിരക്കില്ലാത്ത സമയങ്ങളില്‍ ടോള്‍ ഗേറ്റ് വഴി കടന്നുപോയാലും പിഴ ഈടാക്കില്ല.

click me!