അബുദാബിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഇനി 'ഗ്രീന്‍ പാസ്' വേണം; ചൊവ്വാഴ്‍ച മുതല്‍ പ്രാബല്യത്തില്‍

By Web TeamFirst Published Jun 10, 2021, 7:18 PM IST
Highlights

ആപ്ലിക്കേഷനില്‍ പച്ച നിറമാണെങ്കില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനം ലഭിക്കും. കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ കാലാവധി കഴിഞ്ഞാല്‍ നിറം ഗ്രേ ആയി മാറും. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടാല്‍ ചുവപ്പ് നിറമായിരിക്കും ആപ്ലിക്കേഷനില്‍ ദൃശ്യമാവുക. 

അബുദാബി: പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹുസ്‍ന്‍ മൊബൈല്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി അബുദാബി അധികൃതര്‍. ഷോപ്പിങ് മാളുകള്‍, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജിംനേഷ്യം, ഹോട്ടലുകള്‍, പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, സ്വിമ്മിങ് പൂളുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമാ തീയറ്റര്‍, മ്യൂസിയം, റസ്റ്റോറന്റ്, കഫേകള്‍ എന്നിവിടങ്ങളിലെല്ലാം പ്രവേശിക്കാന്‍ ഇനി ഗ്രീന്‍ പാസ് വേണം.

16 വയസിന് മുകളിലുള്ളവര്‍ക്കാണ് ഗ്രീന്‍ പാസ് ആവശ്യമുള്ളത്. ജൂണ്‍ 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ പച്ച നിറത്തിലുള്ള കളര്‍ കോഡിനെയാണ് ഗ്രീന്‍ പാസ് എന്ന് വിളിക്കുന്നത്. പച്ചയ്‍ക്കൊപ്പം ഗ്രേ, ചുവപ്പ് നിറങ്ങളുമുണ്ടാകും. ഓരോ വ്യക്തിയും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും പി.സി.ആര്‍ പരിശോധന എന്നാണ് നടത്തിയതെന്നതും അനുസരിച്ചുമായിരിക്കും ആപ്ലിക്കേഷനില്‍ കളര്‍ കോഡുകള്‍ ദൃശ്യമാവുക.

ആപ്ലിക്കേഷനില്‍ പച്ച നിറമാണെങ്കില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനം ലഭിക്കും. കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ കാലാവധി കഴിഞ്ഞാല്‍ നിറം ഗ്രേ ആയി മാറും. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടാല്‍ ചുവപ്പ് നിറമായിരിക്കും ആപ്ലിക്കേഷനില്‍ ദൃശ്യമാവുക. വാക്സിന്‍ സ്വീകരിക്കുന്നത് അടിസ്ഥാനമാക്കിയാണ് ഓരോരുത്തരുടെയും കൊവിഡ് പരിശോധനാ ഫലത്തിന്റെ കാലാവധി നിശ്ചയിക്കുന്നത്.

കൊവിഡ് വാക്സിന്റെ രണ്ട് ഡോസ് എടുത്തതിന് ശേഷം 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ ഒരു തവണ പി.സി.ആര്‍ പരിശോധന നടത്തിയാല്‍ അതിന് 30 ദിവസത്തെ കാലാവധി ലഭിക്കും. ഈ 30 ദിവസവും ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭ്യമായിരിക്കും. 30 ദിവസം പൂര്‍ത്തിയാവുന്നതോടെ നിറം ഗ്രേ ആയി മാറും. ഇതോടെ വീണ്ടും പി.സി.ആര്‍ പരിശോധന നടത്തണം.

വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ച ശേഷം 28 ദിവസം പൂര്‍ത്തിയാക്കാത്തവര്‍ക്ക് 14 ദിവസമാണ് പി.സി.ആര്‍ പരിശോധനയുടെ കാലാധി. ഒരു ഡോസ് സ്വീകരിച്ച് രണ്ടാം ഡോസിന് കാത്തിരിക്കുന്നവര്‍ക്ക് ഏഴ് ദിവസം കാലാവധിയുണ്ടാകും. ഒന്നാം ഡോസ് സ്വീകരിച്ച ശേഷം രണ്ടാം ഡോസ് സ്വീകരിക്കാന്‍ വൈകുകയോ സമയം കഴിയുകയോ ചെയ്‍തവര്‍ക്ക് മൂന്ന് ദിവസമാണ് ഒരു പി.സി.ആര്‍ പരിശോധനയുടെ കാലാവധി. വാക്സിനേഷനില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ഏഴ് ദിവസവും വാക്സിന്റെ ഒരു ഡോസ് പോലും സ്വീകരിക്കാത്തവര്‍ക്ക് മൂന്ന് ദിവസവുമായിരിക്കും പി.സി.ആര്‍ പരിശോധനയുടെ കാലാവധി.

click me!