പ്രവാസിയുടെ യാത്ര തടഞ്ഞു; ഗള്‍ഫ് എയര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

By Web TeamFirst Published Jan 19, 2023, 3:11 PM IST
Highlights

റദ്ദാക്കപ്പെട്ടത് പഴയ പാസ്‌പോര്‍ട്ട് മാത്രമാണെന്നും വിസ റദ്ദാക്കിയിട്ടില്ലെന്നും ഇത് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോധ്യപ്പെടുത്തിയെങ്കിലും അംഗീകരിക്കാന്‍ ഗള്‍ഫ് എയര്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല.

മലപ്പുറം: യാത്രാരേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പ്രവാസിയുടെ വിമാനയാത്ര മുടക്കിയതിന് ഗള്‍ഫ് എയര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടന്‍ അബ്ദുസ്സലാം നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. വിസയിലും പാസ്‌പോര്‍ട്ടിലും വിവരങ്ങള്‍ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാന കമ്പനി  അബ്ദുസ്സലാമിന്‍റെ യാത്ര നിഷേധിച്ചത്.

പരാതിക്കാരനായ അബ്ദുസ്സലാം 20 വര്‍ഷമായി വിദേശത്ത് ഡ്രൈവര്‍ ജോലി ചെയ്തുവരുന്നയാളാണ്. ഇദ്ദേഹത്തിന്‍റെ പാസ്‌പോര്‍ട്ടിലെ ചില വിവരങ്ങളില്‍ പിഴവുണ്ടായിരുന്നു. ഇത് നിയമാനുസൃതം തിരുത്തിയശേഷം പുതിയ പാസ്‌പോര്‍ട്ടും പഴയ പാസ്‌പോര്‍ട്ടുമായാണ് യാത്രക്കായി വിമാനത്താവളത്തിലെത്തിയത്. റദ്ദാക്കപ്പെട്ടത് പഴയ പാസ്‌പോര്‍ട്ട് മാത്രമാണെന്നും വിസ റദ്ദാക്കിയിട്ടില്ലെന്നും ഇത് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോധ്യപ്പെടുത്തിയെങ്കിലും അംഗീകരിക്കാന്‍ ഗള്‍ഫ് എയര്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല.

സഊദി അറേബ്യയിലെ ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും അവരും യാത്രാരേഖകള്‍ ശരിയല്ലെങ്കില്‍ അനുമതി നല്‍കരുതെന്നാണ് അറിയിച്ചതെന്നുമാണ് ഗള്‍ഫ് എയര്‍ ഉപഭോക്തൃ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചത്. എന്നാല്‍ പരാതിക്കാരന്റെ രേഖകള്‍ ശരിയാം വിധം പരിശോധിച്ച് വ്യക്തത വരുത്താതെയാണ് ഗള്‍ഫ് എയര്‍ കമ്പനി യാത്ര തടഞ്ഞതെന്നും  ആയത് സേവനത്തിലെ വീഴ്ചയാണെന്നും കെ മോഹന്‍ദാസ് പ്രസിഡന്റും  പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മാഈല്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. നഷ്ടപരിഹാരത്തുക കൂടാതെ വിമാന ടിക്കറ്റിന്റെ തുകയായ 24,000 രൂപയും കോടതി ചെലവായി 20,000 രൂപയും വിമാന കമ്പനി നല്‍കണം. വിധി പകര്‍പ്പ് കിട്ടി ഒരു മാസത്തിനകം സംഖ്യ നല്‍കാത്തപക്ഷം തുക നല്‍കുന്നതുവരെയും ഒമ്പത് ശതമാനം പലിശയും നല്‍കണം.

Read More : 'തുമ്പിക്കൈ കൊണ്ട് ഓട്ടോ അടിച്ചു തകര്‍ത്തു'; വണ്ടികൾ തകർക്കുന്നത് പതിവാക്കിയ പടയപ്പയുടെ പുതിയ പരാക്രമം

click me!