ഗൾഫിലേക്കുള്ള ടിക്കറ്റിന് പൊളളും വില, പ്രവാസികൾ ദുരിതത്തിൽ, സർക്കാർ ഇടപെടൽ തേടി

By Web TeamFirst Published Sep 8, 2021, 11:52 AM IST
Highlights

രണ്ട് ദിവസം മുമ്പ് വരെ കുവൈത്തിലേക്ക് മൂന്ന് ലക്ഷത്തിന് മുകളിലായിരുന്നു നിരക്ക്. ഇതോടെ കൊവിഡിൽ പ്രതിസന്ധിയിലായ പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര അനിശ്ചിതത്വത്തിലായി

കൊച്ചി: ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താതെ വിമാനക്കമ്പനികൾ. കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഇതിനിടെ അവസരം മുതലെടുത്ത് ട്രാവൽ ഏജൻസികൾ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് കരിഞ്ചന്തയിൽ വിൽക്കുന്നതായും ആക്ഷേപമുണ്ട്.

ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ കുറവില്ലെന്നതാണ് യാഥാർത്ഥ്യം. കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്ക് വരാൻ അരലക്ഷത്തിനടുത്താണ് നിരക്ക്. സൗദി അറേബ്യയിലേക്ക് പോകാൻ 35,000 രൂപയും ബഹറൈനിലേക്ക് അമ്പതിനായിരത്തിന് മുകളിലും പ്രവാസികൾ ടിക്കറ്റിനായി മുടക്കണം. രണ്ട് ദിവസം മുമ്പ് വരെ കുവൈത്തിലേക്ക് മൂന്ന് ലക്ഷത്തിന് മുകളിലായിരുന്നു നിരക്ക്. ഇതോടെ കൊവിഡിൽ പ്രതിസന്ധിയിലായ പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര അനിശ്ചിതത്വത്തിലായി

നിരക്ക് കുത്തനെ കൂടിയെങ്കിലും പലയിടത്തേക്കുമുള്ള ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നു. അവസരം മുതലെടുത്ത് ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ടിക്കറ്റുകൾ ബുക്ക് ചെയ്തതാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. ഇങ്ങനെയുള്ള ടിക്കറ്റുകൾ കൂടുതൽ വിലയ്ക്ക് ഏജൻസികൾ കരിഞ്ചന്തയിൽ വിൽക്കുന്നുവെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര_സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നിരക്ക് നിയന്ത്രിക്കാൻ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!