ചരിത്രത്തിലെ അപൂർവതകള്‍ നിറഞ്ഞ ഹജ്ജിന് തുടക്കമായി; തീര്‍ത്ഥാടകരില്‍ മലയാളികളടക്കം മുപ്പതോളം ഇന്ത്യക്കാരും

By Web TeamFirst Published Jul 29, 2020, 2:43 PM IST
Highlights

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിലേറെ തീർത്ഥാടകർ ഒരാഴ്ച മുമ്പേ മക്കയിലെത്തി ക്വാറന്റീനിൽ കഴിയുകയാണ്. 160 വിദേശ രാജ്യക്കാരും സൗദി പൗരന്മാരുമാണ് തീർത്ഥാടന സംഘത്തിലുള്ളത്. മലയാളികളുൾപ്പെടെ 30ഓളം ഇന്ത്യക്കാരും ഇതിലുൾപ്പെടും. 

റിയാദ്: ചരിത്രത്തിലെ അപൂർവതകള്‍ നിറഞ്ഞ ഹജ്ജിന് ഇന്ന് തുടക്കമായി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് 25 ലക്ഷം ആളുകൾ സംഗമിച്ചിരുന്ന ഹജ്ജ് ഇത്തവണ സൗദി അറേബ്യയിലുള്ള ആയിരത്തിലേറെ തീർത്ഥാടകരെ മാത്രം പങ്കെടുപ്പിച്ചാണ് നടക്കുന്നത്. തീർത്ഥാടന ചരിത്രത്തിലെ അപൂർവവും വേറിട്ടതുമാണ് ഇത്തവണത്തെ ഹജ്ജെന്നാണ് വിശേഷിപ്പിക്കുന്നത്. 

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിലാണ് രാജ്യത്ത് നിന്ന് വളരെ കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ച് ഹജ്ജ് നടത്താൻ സൗദി സർക്കാർ തീരുമാനിച്ചത്. കർശനമായ ആരോഗ്യ സുരക്ഷാ നിരീക്ഷണത്തിലാണ് ഹജ്ജ് കർമങ്ങൾ നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിലേറെ തീർത്ഥാടകർ ഒരാഴ്ച മുമ്പേ മക്കയിലെത്തി ക്വാറന്റീനിൽ കഴിയുകയാണ്. 160 വിദേശ രാജ്യക്കാരും സൗദി പൗരന്മാരുമാണ് തീർത്ഥാടന സംഘത്തിലുള്ളത്. മലയാളികളുൾപ്പെടെ 30ഓളം ഇന്ത്യക്കാരും ഇതിലുൾപ്പെടും. 

തീര്‍ത്ഥാടകര്‍ ഇന്ന് മിനായിലേക്ക് പോയതോടെ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി. കൊവിഡ് പ്രതിരോധത്തില്‍ പങ്കുവഹിച്ച ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരുമാണ് ഹജ്ജ് ചെയ്യുന്നവരില്‍ ഭൂരിഭാഗവും. ഇന്ന് പകലും രാത്രിയും മിനയിൽ പ്രാർത്ഥനയിൽ കഴിഞ്ഞു കൂടുന്ന തീർഥാടകർ വ്യാഴാഴ്ച സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി പുറപ്പെടും.
 

click me!