കൊവിഡ് പ്രതിരോധ ജാഗ്രതക്ക് നടുവില്‍ അറഫയില്‍ ഹാജിമാര്‍ സംഗമിച്ചു

By Web TeamFirst Published Jul 19, 2021, 11:34 PM IST
Highlights

ഉച്ച നമസ്‌കാര സമയത്താണ് പ്രധാന ചടങ്ങ് നടന്നത്. പ്രവാചകന്‍ മുഹമ്മദിന്റെ ചരിത്രപരമായ അറഫയിലെ പ്രസംഗത്തെ അനുസ്മരിപ്പിച്ച് നമീറ പള്ളിയില്‍ സൗദി പണ്ഡിതസഭ അംഗവും മക്ക ഇമാമുമായ ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലീല പ്രഭാഷണം നടത്തി.

റിയാദ്: കടുത്ത കൊവിഡ് പ്രതിരോധ ജാഗ്രതക്ക് നടുവില്‍ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടന്നു. തിങ്കളാഴ്ച രാവിലെ തന്നെ മിനായില്‍ നിന്നെത്തിയ അറുപതിനായിരം തീര്‍ത്ഥാടകരാല്‍ നിറഞ്ഞ അറഫാ മൈതാനിയും നമീറ പള്ളിയും ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിന് വേദിയായി. മാസ്‌ക് ധരിച്ച്, സാമൂഹ്യ അകലം പാലിച്ച് തീര്‍ഥാടകര്‍ നമസ്‌കാരത്തിലും പ്രാര്‍ത്ഥനയിലും മുഴുകി.

ഉച്ച നമസ്‌കാര സമയത്താണ് പ്രധാന ചടങ്ങ് നടന്നത്. പ്രവാചകന്‍ മുഹമ്മദിന്റെ ചരിത്രപരമായ അറഫയിലെ പ്രസംഗത്തെ അനുസ്മരിപ്പിച്ച് നമീറ പള്ളിയില്‍ സൗദി പണ്ഡിതസഭ അംഗവും മക്ക ഇമാമുമായ ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലീല പ്രഭാഷണം നടത്തി. ദൈവത്തെ അനുസരിച്ച് വിശ്വാസികള്‍ നന്മ നിറഞ്ഞ ജീവിതം നയിച്ചാല്‍ രാജ്യങ്ങളില്‍ സ്ഥിരതയും സമാധാനവുമുണ്ടാകുമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. നമസ്‌കാരത്തിനും അദ്ദേഹം നേതൃത്വം നല്‍കി. തീര്‍ത്ഥാടകര്‍ സൂര്യാസ്തമയം വരെ അറഫ മൈതാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകിയും ഖുര്‍ആന്‍ പാരായണം നടത്തിയും ചെലവഴിച്ചു.

Latest Videos

ശേഷം ഹജ്ജ് കര്‍മങ്ങളുടെ ഭാഗമായി മുസ്ദലിഫല്‍ രാപ്പാര്‍ക്കാന്‍ തീര്‍ഥാടകര്‍ അങ്ങോട്ട് നീങ്ങി. നാളെ (ചൊവ്വാഴ്ച) രാവിലെ മിനയിലേക്ക് തിരിച്ചുപോകും. അവിടെ അടുത്തുള്ള ജംറയില്‍ പിശാചിനെതിരായ പ്രതീകാത്മക  കല്ലേറ് കര്‍മം നടത്തും. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീര്‍ഥാടകര്‍ ശനിയാഴ്ചയും ഞായറാഴ്ചയുമാണ് മക്കയിലെത്തിയത്. അവിടെ കഅ്ബക്ക് ചുറ്റും ആഗമന പ്രദക്ഷിണം നടത്തിയ ശേഷം നാലു കിലോമീറ്റര്‍ അകലെയുള്ള മിനായിലേക്ക് നീങ്ങി.

click me!