സൗദി അറേബ്യയുടെ തെക്കന്‍ മേഖലയില്‍ കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

By Web TeamFirst Published Aug 5, 2020, 2:12 PM IST
Highlights

അല്‍അഹദില്‍ ഒരു വ്യാപാരസ്ഥാപനത്തിന്റെ മേല്‍ക്കൂര മറിഞ്ഞുവീണു. ആളപായം ഒന്നും ഉണ്ടായില്ല. അമ്പതോളം വാഹനങ്ങളും വെള്ളക്കെട്ടില്‍ കേടായിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയുടെ ദക്ഷിണ മേഖലയില്‍ ശക്തമായ മഴയും കാറ്റും. ഇടിയോട് കൂടിയ കനത്ത മഴയിലും കാറ്റിലും ജനജീവിതം സ്തംഭിച്ചു. എന്നാല്‍ കനത്ത ഇടിമിന്നലോടെ എത്തിയ മഴ മേഖലയില്‍ അനുഭവപ്പെട്ടിരുന്ന ശക്തമായ ചൂടിന് ആശ്വാസമായി. ജിസാനിലെ സനാഇയ, കോര്‍ണിഷ്, ഹയ്യുസഫ എന്നിവിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. സബിയ, സാംത, ബെയിഷ്, ദായിര്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ ദിവസം മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. പെരുന്നാള്‍ അവധിക്കാലം ജിസാനില്‍ ആഘോഷിക്കാന്‍ എത്തിയവര്‍ക്ക് ഈ മഴ അനുഗ്രഹമായി.

കനത്ത ചൂട് കാലാവസ്ഥയുള്ള ഫര്‍സാന്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ മലയാളികളടക്കം നിരവധി പേര്‍ എത്തിയിരുന്നു. കൊവിഡ് മൂലം അടുത്ത ദിവസം വരെയും വിദേശികള്‍ക്ക് ദ്വീപിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തയിരുന്നു. മേഖലയില്‍ ജനങ്ങള്‍ക്കും മറ്റുമുള്ള സുരക്ഷിതത്വത്തിന് വേണ്ട എല്ലാ മുന്‍കരുതലുകളും സിവില്‍ ഡിഫന്‍സ് എടുത്തിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് കാപ്റ്റന്‍ മുഹമ്മദ് ബിന്‍ യഹ്യ അല്‍ഗാംദി പറഞ്ഞു. നൂറിലധികം വീടുകളില്‍ നിന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

അല്‍അഹദില്‍ ഒരു വ്യാപാരസ്ഥാപനത്തിന്റെ മേല്‍ക്കൂര മറിഞ്ഞുവീണു. ആളപായം ഒന്നും ഉണ്ടായില്ല. അമ്പതോളം വാഹനങ്ങളും വെള്ളക്കെട്ടില്‍ കേടായിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കനത്ത കാറ്റും മഴയും ഇനിയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ താഴ്വരകള്‍, അണക്കെട്ടുകള്‍ എന്നിവ സന്ദര്‍ശിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

click me!