ഒമാനില്‍ കനത്ത മഴ; അടുത്ത ആറ് മണിക്കൂറില്‍ മഴ കൂടുതല്‍ ശക്തമാവും, മുന്നറിയിപ്പുമായി അധികൃതര്‍

Published : Jan 15, 2020, 02:28 PM IST
ഒമാനില്‍ കനത്ത മഴ; അടുത്ത ആറ് മണിക്കൂറില്‍ മഴ കൂടുതല്‍ ശക്തമാവും, മുന്നറിയിപ്പുമായി അധികൃതര്‍

Synopsis

അടുത്ത ആറ് മണിക്കൂറില്‍ രാജ്യത്ത് അതിശക്തമായ മഴ പെയ്യുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ കടലിലെ തിരമാലകള്‍ മൂന്ന് മീറ്ററിലധികം ഉയരം പ്രാപിക്കും. കടലില്‍ പോകുന്നവരും മത്സ്യബന്ധന തൊഴിലാളികളും അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

മസ്‍കത്ത്: ന്യൂനമര്‍ദത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ മുതല്‍ ഒമാനിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ പെയ്യുകയാണ്. രാവിലെ മസ്‍കത്ത്, മുസന്ദം, നോര്‍ത്ത് ബാത്തിന, സൗത്ത് ബാത്തിന, ദാഖിലിയ ഗവര്‍ണറേറ്റുകളിലും പിന്നീട് സൗത്ത് ശര്‍ഖിയയിലും മഴ ശക്തമായി. 

അടുത്ത ആറ് മണിക്കൂറില്‍ രാജ്യത്ത് അതിശക്തമായ മഴ പെയ്യുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ കടലിലെ തിരമാലകള്‍ മൂന്ന് മീറ്ററിലധികം ഉയരം പ്രാപിക്കും. കടലില്‍ പോകുന്നവരും മത്സ്യബന്ധന തൊഴിലാളികളും അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം സൗത്ത് ശര്‍ഖിയയിലെ റാസ് അല്‍ ഹദ്ദിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. മസ്കത്ത് സിറ്റിയില്‍ 42.8 മില്ലീമീറ്ററും സീബില്‍ 31.2 മില്ലീമീറ്ററും മഴ പെയ്തു. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. മസ്കത്ത് എക്സ്‍പ്രസ് വേയില്‍ ഹല്‍ബാന്‍ ബ്രിഡ്‍ജിന് സമീപം രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വാഹനത്തിരക്ക് കാരണം മസ്‍കത്ത് ഹൈവേയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

സുല്‍ത്താന്‍ ഖാബൂസ് റോഡില്‍ മിനിസ്ട്രീസ് ഏരിയക്ക് എതിര്‍വശത്ത് റോഡില്‍ വെള്ളം കയറിയതിനാലും ഗതാഗതക്കുരുക്കുണ്ട്. രാവിലെ 6.30ന് ആരംഭിച്ച മഴയെ തുടര്‍ന്ന് വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ മസ്‍കത്തിലെ വാദി കബീറിലെ റോഡുകളിലും വെള്ളം കയറിയതായി പ്രദേശവാസികള്‍ അറിയിച്ചു. മസ്‍കത്ത്, സൂര്‍, സുഹര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ചയിലെ താപനില 14 ഡിഗ്രി സെല്‍ഷ്യസായി കുറയും. റുസ്‍ഖില്‍ 10 ഡിഗ്രിയും ഇബ്ര, നിസ്‍വ, ഹൈമ എന്നിവിടങ്ങളില്‍ യഥാക്രമം 10, 9, 8 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനില. സാഇഖില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസായി താഴുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിലെ അബ്ദലി റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്
ബ്യൂട്ടി സലൂണിൽ എത്തിയ യുവതിയുടെ പഴ്സിൽ നിന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു, കുവൈത്തിൽ അന്വേഷണം