
ദുബൈ: ഗതാഗത നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതുവഴി വന്‍തുകയുടെ ട്രാഫിക് ഫൈനുകള്‍ ലഭിച്ച യുവാവ് ദുബൈയില്‍ പൊലീസിന്റെ പിടിയിലായി. റോഡിലുണ്ടാക്കിയ ചെറിയൊരു അപകടത്തെ തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 33,000 ദിര്‍ഹത്തിന്റെ (6.6 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ഇയാളുടെ പേരിലുണ്ടെന്ന് കണ്ടെത്തിയത്. ഇതിന് പുറമെ ഇയാളുടെ വാഹനത്തിന് നിയമാനുസൃത രജിസ്‍ട്രേഷനോ ഇന്‍ഷുറന്‍സോ ഇല്ലെന്നും കണ്ടെത്തി.
അല്‍ ഇത്തിഹാദ് സ്‍ട്രീറ്റില്‍ വെച്ചുനടന്ന ഒരു അപകടമാണ് ഡ്രൈവറും വാഹനവും പിടിയിലാവുന്നതിലേക്ക് നയിച്ചത്. സഹോദരന്റെ കാറുമായി റോഡിലിറങ്ങിയ യുവാവ് മറ്റൊരു വാഹനത്തിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. പൊലീസ് വരുന്നത് വരെ കാത്തിരിക്കണമെന്ന് വാഹന ഉടമ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വിസമ്മതിച്ചു. തനിക്ക് വൈദ്യസഹായം വേണമെന്ന് പറഞ്ഞ് ഇയാള്‍ ഉടനെ സ്ഥലംവിടുകയായിരുന്നു.
പൊലീസ് എത്തുന്നതിന് മുമ്പ് സ്ഥലത്തുനിന്ന് രക്ഷപ്പെടാനുള്ള ഇയാളുടെ വ്യഗ്രത കണ്ട് സംശയം തോന്നിയ വാഹനമുടമ, വാഹനത്തിന്റെ നമ്പറും മറ്റ് വിവരങ്ങളും പൊലീസിന് കൈമാറി. ഇത് ഉപയോഗിച്ച് വാഹനത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ്, ഉടമയോട് അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനിലെത്താന്‍ നിര്‍ദേശിച്ചു. ഉടമ സ്ഥലത്തെത്തിയപ്പോഴാണ് തന്റെ വാഹനം താന്‍ അറിയാതെ സഹോദരന്‍ കൊണ്ടുപോയി അപകടമുണ്ടാക്കിയത് അയാള്‍ അറിഞ്ഞത്.
അപകടമുണ്ടാക്കിയയാളെ വിളിച്ചുവരുത്തുകയും നിയമ ലംഘനങ്ങളുടെ നീണ്ട പട്ടിക കാരണം വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്‍തു. വാഹനമോടിച്ച യുവാവിനെ തുടര്‍ നടപടികള്‍ക്കായി ട്രാഫിക് കോടതിയിലേക്ക് അയച്ചു. വാഹനം പിടിച്ചെടുക്കുമെന്ന ഭയംകൊണ്ടാണ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതെന്ന് ഇയാള്‍ സമ്മതിച്ചു. 7400 ദിര്‍ഹം പിഴയാണ് പ്രതിക്ക് വിധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam