
ദുബൈ: ദുബൈയില്‍ തൊഴിലുടമയുടെ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) മോഷ്ടിച്ച പ്രവാസി വീട്ടുജോലിക്കാരിക്ക് ഒരു വര്‍ഷത്തെ ജയില്‍ശിക്ഷ. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെനീടുകടത്താനും ദുബൈ പ്രാഥമിക കോടതി ഉത്തരവിട്ടു. കൂടാതെ പ്രതി 979,947 ദിര്‍ഹം പിഴയും അടയ്ക്കണം.
ഉഗാണ്ടയില്‍ നിന്നുള്ള 26കാരിയായ യുവതിയാണ് പണം മോഷ്ടിച്ചതിന് പിടിയിലായത്. 979,900 ദിര്‍ഹമാണ് പലപ്പോഴായി യുവതി സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ചത്. കഴിഞ്ഞ മാര്‍ച്ച് മുതലാണ് യുവതി ബര്‍ ദുബൈയില്‍ 43കാരിയായ ലബനീസ് സ്വദേശിയുടെ വീട്ടില്‍ ജോലിക്ക് എത്തിയത്. ചെറിയ തുക യുവതി മോഷ്ടിച്ചതായി കണ്ടെത്തിയ വീട്ടുമസ്ഥ യുവതിയെ പിടികൂടുകയും ഇനി മോഷണം നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കി വിടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഒരു ദിവസം വീടിന്റെ ഒന്നാം നിലയിലേക്ക് കയറിയ യുവതി ഒരു കറുത്ത ബാഗുമായി വീടിന് വെളിയിലേക്ക് ഇറങ്ങുന്നത് വീട്ടുടമസ്ഥന്‍ കണ്ടു. പിറ്റേ ദിവസം യുവതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
ഇതോടെ ദമ്പതികള്‍ ദുബൈ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്ക് ശേഷം യുവതിയെ അജ്മാനിലെ ഒരു വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. രാജ്യം വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു യുവതി. താന്‍ മോഷണം നടത്തിയെന്നും പണം കൂട്ടാളിക്ക് കൈമാറിയതായും ഇയാള്‍ രാജ്യം വിട്ടെന്നും യുവതി പൊലീസിനോട് സമ്മതിച്ചു. കോടതി വിധിയില്‍ 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam