
കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ സ്വകാര്യ വീടുകൾ കേന്ദ്രീകരിച്ച് അനധികൃതമായി ഭക്ഷണം തയ്യാറാക്കി വിൽപ്പന നടത്തിയിരുന്ന മൂന്ന് സ്ഥാപനങ്ങൾ അധികൃതർ കണ്ടെത്തി. പരിശോധനയിൽ എട്ട് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം, അഹമ്മദി ഗവർണറേറ്റിലെ നെഗറ്റീവ് ഫിനോമിന കമ്മിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
സ്വകാര്യ വീടുകൾ ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനുമുള്ള അനധികൃത കേന്ദ്രങ്ങളാക്കി മാറ്റിയതായി പരിശോധനയിൽ കണ്ടെത്തി. അനുമതിയില്ലാതെ ഭക്ഷ്യവസ്തുക്കളുടെ വ്യാപാരം നടത്തുക, ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷണം കൈകാര്യം ചെയ്യുകയും വിൽക്കുകയും ചെയ്യുക, ഹെൽത്ത് സർട്ടിഫിക്കറ്റില്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുക, പൊതുജനാരോഗ്യ നിബന്ധനകൾ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് എട്ട് നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കിയത്.
നിയമലംഘനങ്ങൾ നടത്തിയവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യത്തുടനീളം പരിശോധനകൾ ശക്തമാക്കുമെന്നും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് അനധികൃത ഭക്ഷ്യവ്യാപാര കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam