സൗദിയില്‍ പെട്രോള്‍ വില വര്‍ധന ഇനി ജനങ്ങളെ ബാധിക്കില്ല; കൂട്ടുന്ന പണം സര്‍ക്കാര്‍ നല്‍കും

By Web TeamFirst Published Jul 10, 2021, 10:41 PM IST
Highlights

91 ഇനം പെട്രോളിന്റെ വിലയായ 2.18 റിയാലും 95 ഇനം പെട്രോളിന്റെ വിലയായ 2.33 റിയാലും ആയിരിക്കും ഇനി മുതല്‍ ജനങ്ങള്‍ക്കുള്ള വില. എന്നാല്‍ എല്ലാ മാസവും പത്താം തീയതി ഇന്ധന വില പുനഃപരിശോധിക്കുന്നത് തുടരും.

റിയാദ്: സൗദിയില്‍ എല്ലാ മാസവും ഇന്ധന വില വര്‍ധിപ്പിക്കുന്നത് തുടരുമെങ്കിലും അതിന്റെ ഭാരം ജനങ്ങളെ ബാധിക്കില്ല. ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന പെട്രോള്‍ വിലക്ക് പരിധി നിശ്ചയിക്കാന്‍ രാജാവിന്റെ ഉത്തരവ്. കഴിഞ്ഞ മാസത്തെ (ജൂണ്‍) പെട്രോള്‍ വിലയുടെ  നിരക്ക് അങ്ങനെ നിലനിര്‍ത്തി ജനങ്ങള്‍ക്ക് ആ വിലക്ക് പെട്രോള്‍ നല്‍കാനാണ് സല്‍മാന്‍ രാജാവ് ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കിയത്.

91 ഇനം പെട്രോളിന്റെ വിലയായ 2.18 റിയാലും 95 ഇനം പെട്രോളിന്റെ വിലയായ 2.33 റിയാലും ആയിരിക്കും ഇനി മുതല്‍ ജനങ്ങള്‍ക്കുള്ള വില. എന്നാല്‍ എല്ലാ മാസവും പത്താം തീയതി ഇന്ധന വില പുനഃപരിശോധിക്കുന്നത് തുടരും. വിപണി സാഹചര്യം വിലയിരുത്തി വില വര്‍ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ ആ വില വര്‍ധനവ് ജനങ്ങളെ ബാധിക്കില്ല. കൂടുന്ന തുക സര്‍ക്കാര്‍ നല്‍കും. രാജ്യവാസികളുടെ പ്രയാസം ലഘൂകരിക്കാനാണ് ഇതെന്ന് പെട്രോളിയം വില പരിശാധന സമിതി വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ ഇന്ന് മുതല്‍ പുതുക്കിയ വില പെട്രോള്‍ 91 ഇനത്തിനു 2.28 റിയാലും 95 ഇനത്തിനു 2.44 റിയാലുമാണ്. എന്നാല്‍ ജനങ്ങള്‍ ജൂണ്‍ മാസത്തെ വില നല്‍കിയാല്‍ മതി. തുടര്‍ന്നുള്ള മാസങ്ങളിലും അങ്ങനെ മതി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!