സമുദ്ര ഗതാഗത സഹകരണം വർധിപ്പിക്കാനുള്ള കരാറിൽ ഇന്ത്യയും ഒമാനും ഒപ്പുവച്ചു

By Web TeamFirst Published Dec 26, 2019, 12:50 AM IST
Highlights

സമുദ്ര ഗതാഗത മേഖലയിൽ സഹകരണം വർധിപ്പിക്കുവാനുള്ള കരാറിൽ ഇന്ത്യയും ഒമാനും ഒപ്പുവച്ചു. 

മസ്കത്ത്: സമുദ്ര ഗതാഗത മേഖലയിൽ സഹകരണം വർധിപ്പിക്കുവാനുള്ള കരാറിൽ ഇന്ത്യയും ഒമാനും ഒപ്പുവച്ചു. വിദേശ കാര്യ മന്ത്രി എസ്. ജയശങ്കർ, ഒമാൻ വിദേശ കാര്യ മന്ത്രി യൂസഫ് അലവിയുമായി മസ്കറ്റിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കരാറിൽ ഒപ്പു വെച്ചത്. ഈ മേഖലയിലെ ശക്തമായ ബന്ധം ഇരു രാജ്യങ്ങളുടെയും ഭാവിക്കു പ്രയോജനമെന്നു മന്ത്രി എസ് ജയശങ്കർ പറ‍ഞ്ഞു.

വിവിധ സമുദ്ര മേഖലകളിലെ ജീവനക്കാർക്കും , വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നതിനും ഇരുരാജ്യങ്ങൾക്കുമിടയിൽ വേഗത്തിൽ സമുദ്ര വ്യാപാരം നടത്തുന്നതിനും വിവരങ്ങൾ പങ്കിടുന്നതിനും ഈ കരാർ സഹായകമാകും. മസ്കറ്റിൽ നടന്ന വിവിധ ചർച്ചകളും ധാരണയിലെത്തിയ കരാറുകളും ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ഉയർന്ന തലങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ജയശങ്കർ വ്യക്തമാക്കി.

ഒമാൻ ഉപ പ്രധാന മന്ത്രി ഫഹദ് ബിൻ മഹമൂദ് അൽ സെയ്ദ് , റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ അൽ നൗമാനി , പ്രധിരോധ മന്ത്രി ബദർ സൗദ് അൽ ബുസൈദി എന്നിവരുമായും മന്ത്രി ജയശങ്കർ പിന്നീട് കൂടിക്കാഴ്ച നടത്തി. മസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ എത്തിയ മന്ത്രി എസ്. ജയശങ്കർ ഇന്ത്യൻ സമൂഹത്തത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.

click me!