വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം; കേരളത്തിലേക്ക് മൂന്ന് സർവീസുകള്‍

By Web TeamFirst Published May 29, 2020, 9:10 AM IST
Highlights

പതിനൊന്നു വിമാനങ്ങളിലായി ഇതുവരെ 1670 ഓളം പേരെ മാത്രമാണ് നാട്ടിലേക്കു കൊണ്ടുപോകാൻ അധികൃതർക്ക് കഴിഞ്ഞുള്ളു.
നാളെ തുടങ്ങുന്ന രണ്ടാം ഘട്ടത്തിലെ ആവാസ സർവീസുകളിൽ ആകെ 13 വിമാനസർവീസാണ് സൗദിയിൽ നിന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 

റിയാദ്: വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിലെ അവസാന വിമാന സർവീസുകൾക്ക് ഇന്ന് തുടക്കം. സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് ജൂൺ 6 വരെ പതിനാല് സർവീസുകളാണ് ഉണ്ടാവുക. കേരളത്തിലേക്ക് മൂന്ന് സർവീസുകളാണ് ഉള്ളത്. വന്ദേഭാരത് മിഷന്‍റെ ഭാഗമായി നാട്ടിലേക്കു മടങ്ങാൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം എൺപത്തിഅയ്യായിരം കവിഞ്ഞു.

എന്നാൽ പതിനൊന്നു വിമാനങ്ങളിലായി ഇതുവരെ 1670 ഓളം പേരെ മാത്രമാണ് നാട്ടിലേക്കു കൊണ്ടുപോകാൻ അധികൃതർക്ക് കഴിഞ്ഞുള്ളു. നാളെ തുടങ്ങുന്ന രണ്ടാം ഘട്ടത്തിലെ ആവാസ സർവീസുകളിൽ ആകെ 13 വിമാനസർവീസാണ് സൗദിയിൽ നിന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ പ്രഖ്യാപിച്ച റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം ഉൾപ്പെടെ മൂന്നു സർവീസുകൾ മാത്രമാണ് കേരളത്തിലേക്കുള്ളത്.

മെയ് 29 നും 30 നും ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും മെയ് 31 നു റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് വിമാന സർവീസുള്ളത്. നാട്ടിലേക്കു മടങ്ങാൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവരിൽ ഭൂരിപക്ഷവും മലയാളികളാണെന്ന് ഇന്ത്യൻ സ്ഥാനപതി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനു ആനുപാതികമായി കേരളത്തിലേക്ക് വിമാന സർവീസ് ഏർപ്പെടുത്താത്തതിൽ മലയാളികൾ ഏറെ ആശങ്കയിലാണ്.

ഫൈനൽ എക്സിറ്റും നേടി എംബസിയിൽ പേര് രജിസ്റ്റർ ചെയ്തു നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്ന ഗർഭിണികളായ മലയാളികളിൽ ചിലരുടെ പ്രസവം ഇതിനോടകം സൗദിയിൽ നടന്നു. ഇത്തരത്തിൽ നിരവധി പ്രതിസന്ധിയിൽപ്പെട്ടു നാട്ടിലേക്കു മടങ്ങാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് നാടണയാൻ അധികൃതർ അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണിവർ. 

click me!