യുഎഇയില്‍ ഇന്ത്യന്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ വിചാരണ തുടങ്ങി

By Web TeamFirst Published Feb 3, 2021, 5:52 PM IST
Highlights

ദുബൈ നൈഫ് ഏരിയയിലെ ഓഫീസില്‍ നിന്നാണ് 48 വയസുകാരനായ ഇന്ത്യന്‍ വ്യവസായിയെ സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിലെ മൂന്ന് പേര്‍ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഓഫീസില്‍ കയറിച്ചെന്ന് കൊമേസ്യല്‍ ലൈസന്‍സ് ആവശ്യപ്പെടുകയായിരുന്നു. 

ദുബൈ: യുഎഇയില്‍ ഇന്ത്യക്കാരനായ വ്യവസായിയെ തട്ടിക്കൊണ്ടുപോവുകയും ഓഫീസില്‍ നിന്ന് 19 ലക്ഷം ദിര്‍ഹം മോഷ്‍ടിക്കുകയും ചെയ്‍ത സംഭവത്തില്‍ വിചാരണ തുടങ്ങി. കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളും ഇന്ത്യക്കാരാണ്. സംഘത്തിലെ മൂന്ന് പേര്‍ പൊലീസുകാരെന്ന വ്യാജേന എത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയത്.

ദുബൈ നൈഫ് ഏരിയയിലെ ഓഫീസില്‍ നിന്നാണ് 48 വയസുകാരനായ ഇന്ത്യന്‍ വ്യവസായിയെ സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിലെ മൂന്ന് പേര്‍ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഓഫീസില്‍ കയറിച്ചെന്ന് കൊമേസ്യല്‍ ലൈസന്‍സ് ആവശ്യപ്പെടുകയായിരുന്നു. ലൈസന്‍സ് പുതുക്കുന്നതിനായി തന്റെ ബിസിനസ് പങ്കാളിയുടെ കൈവശമാണുള്ളതെന്ന് അദ്ദേഹം മറുപടി നല്‍കി.

ഇതോടെ വ്യവസായിയുടെ ഫോണും ഓഫീസിന്റെ താക്കോലുകളും സംഘം ആവശ്യപ്പെട്ടു. തുടര്‍ന്നും അദ്ദേഹത്തോടും സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരനോടും തങ്ങളുടെ വാഹനത്തിനടുത്തേക്ക് പോകാന്‍ നിര്‍ദേശിച്ചു. ഇരുവരെയും അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞാണ് പുറത്തിറക്കിയത്. ഇന്റര്‍നാഷണല്‍ സിറ്റിക്ക് സമീപത്തേക്ക് ഇവരെ വാഹനത്തില്‍ കൊണ്ടുപോയ ശേഷം ഒരു സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്ത് വാഹനം നിര്‍ത്തി.

ഫോണ്‍ തിരികെ നല്‍കിയ ശേഷം സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ഒരു എനര്‍ജി ഡ്രിങ്ക് വാങ്ങി വരാന്‍ സംഘം വ്യവസായിയോട് നിര്‍ശേഷിച്ചു. അദ്ദേഹം പുറത്തിറങ്ങി തിരികെ വന്നപ്പോഴേക്ക് പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. ഉടന്‍ തന്നെ ബിസിനസ് പങ്കാളിയെ ഫോണില്‍ ബന്ധപ്പെട്ടു. ശേഷം ഓഫീസിലേക്ക് പാഞ്ഞെത്തിയപ്പോഴേക്കും അവിടെ നിന്ന് 19 ലക്ഷം ദിര്‍ഹം സംഘം അപഹരിച്ചിരുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ ദുബൈ പൊലീസ് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്‍തു. മോഷണം നടത്തിയ വിവരം ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. പ്രതികളില്‍ അഞ്ച് പേര്‍ക്കെതിരെ തട്ടിക്കൊണ്ട് പോകലിനും മോഷണത്തിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കേസിന്റെ അടുത്ത വിചാരണ ഈ മാസം 22ന് നടക്കും.

click me!