സൗദിയില്‍ ഇന്ത്യന്‍ ഭരണഘടനാ ദിനം ആചരിച്ചു

By Web TeamFirst Published Nov 27, 2019, 11:37 PM IST
Highlights

സൗദി ശൂറ കൗണ്‍സില്‍ അംഗവും ഇന്ത്യ സൗദി അറേബ്യ പാര്‍ലിമെന്ററി സൗഹൃദ സമിതി ചെയര്‍മാനുമായ ഡോ. അബ്ദുല്ല ബിന്‍ ഹമൂദ് അല്‍ ഹര്‍ബി മുഖ്യാതിഥിയായി പങ്കെടുത്തു. 

റിയാദ്: ഭരണഘടന നിലവില്‍ വന്ന നവംബര്‍ 26 ഇന്ത്യന്‍ ഭരണഘടനാ ദിനമായി ഇന്ത്യയിലും വിദേശത്തെ ഇന്ത്യന്‍ മിഷനുകളിലും ആചരിക്കുന്നതിന്റെ ഭാഗമായി റിയാദിലെ ഇന്ത്യന്‍ എംബസിയിലും പരിപാടികള്‍ സംഘടിപ്പിച്ചു. സൗദി ശൂറ കൗണ്‍സില്‍ അംഗവും ഇന്ത്യ സൗദി അറേബ്യ പാര്‍ലിമെന്ററി സൗഹൃദ സമിതി ചെയര്‍മാനുമായ ഡോ. അബ്ദുല്ല ബിന്‍ ഹമൂദ് അല്‍ ഹര്‍ബി മുഖ്യാതിഥിയായി പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സൗഹൃദത്തിന്റെ വളര്‍ച്ചയെയും പാര്‍ലിമെന്ററി സമിതികള്‍ തമ്മിലുള്ള സഹകരണത്തെയും കുറിച്ച് അല്‍ ഹര്‍ബി സംസാരിച്ചു. 

അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ഇന്ത്യന്‍ ഭരണഘടനയുടെ ആവിര്‍ഭാവത്തെയും അതിന്റെ സവിശേഷതകളെയും ഭരണഘടന കരട് സമിതി അധ്യക്ഷനെന്ന നിലയില്‍ ഡോ. ഭീംറാവു അംബേദ്കര്‍ നല്‍കിയ നേതൃപരമായ സംഭാവനകളെയും കുറിച്ച് വിശദീകരിച്ചു. എംബസി ഓഡിറ്റോറിയത്തില്‍ൽ നടന്ന പരിപാടിയില്‍, ലോക് സഭ ടെലിവിഷന്‍ നിര്‍മിച്ച ‘ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മാണം’ എന്ന ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ ഭരണഘടനയുടെ വ്യത്യസ്ത ഭാവങ്ങളെ കുറിച്ച് സംസാരിച്ചു. എംബസി കോമേഴ്‍സ്യല്‍ വിങ് സെക്കന്റ് സെക്രട്ടറി ഡോ. രാം ബാബു ചടങ്ങിന് നന്ദി പറഞ്ഞു.

click me!