
ദുബൈ: ഇന്ത്യയിൽ ദ്വിദിന സന്ദർശനത്തിനായെത്തിയ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ, വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരെയാണ് ശൈഖ് ഹംദാൻ കണ്ടത്. കൂടിക്കാഴ്ചയിൽ ഐസിസി ചെയർമാൻ ജയ്ഷായും സന്നിഹിതനായിരുന്നു. കറുത്ത സ്യൂട്ട് ധരിച്ചായിരുന്നു ശൈഖ് ഹംദാൻ എത്തിയത്. മുംബൈയിൽ വെച്ചു നടന്ന ദുബൈ-ഇന്ത്യ ബിസിനസ് ഫോറത്തിനിടെയായിരുന്നു ക്രിക്കറ്റ് താരങ്ങളുമായുള്ള കൂടിക്കാഴ്ച. `ദുബൈ 11' എന്നെഴുതിയ ഇന്ത്യൻ ടീം ജഴ്സി ശൈഖ് ഹംദാന് രോഹിത് ശർമ സമ്മാനിക്കുകയും ചെയ്തു. ക്രിക്കറ്റ് താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയെ അവസ്മരണീയം എന്ന് വിവരിച്ചുകൊണ്ടാണ് കിരീടാവകാശി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രം പങ്കുവെച്ചത്.
ഏപ്രിൽ എട്ടിനാണ് ശൈഖ് ഹംദാൻ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായും ശൈഖ് ഹംദാൻ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിലുള്ള സഹകരണവും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധവും ചർച്ചയിൽ വിഷയമായി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരം രണ്ട് ദിവസത്തേക്കാണ് ശൈഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. ദുബൈ കിരീടാവകാശി എന്ന നിലയിൽ ശൈഖ് ഹംദാൻ ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണ് ഇത്. ഒട്ടേറെ മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും ഉൾപ്പെടുന്ന സംഘം ശൈഖ് ഹംദാനെ അനുഗമിച്ച് എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ