
അബുദാബി: യുഎഇയിലെ പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആറ് മാസത്തെ താല്‍ക്കാലിക വിസ നേടിയവര്‍ക്ക് ഇന്ത്യന്‍ എംബസി തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നു. സെപ്തംബര്‍ 16നാണ് എംബസി മുന്‍കൈയ്യെടുത്ത് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്.
സെപ്തബര്‍ 16ന് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ അബുദാബി മിനാ റോഡിലുള്ള ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ (ഐഎസ്‍സി) വെച്ചാണ് തൊഴില്‍ മേള. 15ഓളം കമ്പനികള്‍ ഇവിടെ വെച്ച് യോഗ്യരായവരെ തെരഞ്ഞെടുക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ നവദ്വീപ് സിങ് സുരി അറിയിച്ചു. നിലവില്‍ ജോലിയില്ലാതെ യുഎഇയില്‍ കഴിഞ്ഞുവരവെ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവര്‍ക്ക് പുതിയ ജോലി കണ്ടുപിടിക്കാനായി ആറ് മാസത്തെ താല്‍ക്കാലിക വിസ അനുവദിക്കുന്നുണ്ട്. ഇങ്ങനെ താല്‍ക്കാലിക വിസയില്‍ കഴിയുന്നവര്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം.
ജോലി ഇല്ലാതെ യുഎഇയില്‍ തുടരുന്നവരെ സഹായിക്കാനായി എംബസി അധികൃതര്‍ വിവിധ കമ്പനികളുമായി ബന്ധപ്പെട്ടിരുന്നു. അവരില്‍ പലരും തൊഴില്‍ അവസരങ്ങള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തൊഴില്‍ മേളയില്‍ ഇത്തരം കമ്പനികള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള ജീവനക്കാരെ കണ്ടെത്താനുള്ള അവസരമായിരിക്കും ഒരുക്കുക. ബയോഡേറ്റയ്ക്കൊപ്പം പ്രവൃത്തി പരിചയം കാണിക്കുന്ന രേഖകളും പാസ്പോര്‍ട്ടും കൊണ്ടുവരണം. കണ്‍സ്ട്രക്ഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളിലുള്ള സ്ഥാപനങ്ങളായിരിക്കും പങ്കെടുക്കുന്നത്.
എന്നാല്‍ വിസിറ്റിങ് വിസയില്‍ യുഎഇയില്‍ വന്ന് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും മറ്റ് ജോലി അന്വേഷകര്‍ക്കും ഈ തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam