
ദുബായ്: ആധുനിക ദുബായുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ച പ്രമുഖ ഇന്ത്യൻ വ്യവസായിയും റീഗൽ ഗ്രൂപ്പ് ചെയർമാനുമായ വാസു ഷ്രോഫ് (85) അന്തരിച്ചു. വാർദ്ധക്യസഹജമായ കാരണങ്ങളാലായിരുന്നു അന്ത്യം. ദുബായുടെ വ്യാപാര മേഖലയിൽ 'ടെക്സ്റ്റൈൽ കിംഗ്' എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം, ബിസിനസിനൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാംസ്കാരിക മേഖലയിലും വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്.
തന്റെ 19-ാം വയസ്സിൽ മുംബൈയിൽ നിന്നും ബോട്ട് മാർഗ്ഗം വെറും ഒന്നര ഡോളർ ചെലവാക്കി ഷാർജയിൽ എത്തിയതാണ് വാസു ഷ്രോഫ്. അന്ന് വൈദ്യുതി വിളക്കുകൾ പോലുമില്ലാതിരുന്ന കാലത്ത് ദുബായെ ഒരു പ്രധാന വ്യാപാര കേന്ദ്രമായി വളർത്തുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. 1952-ൽ സഹോദരങ്ങൾ തുടങ്ങിയ റീഗൽ ടെക്സ്റ്റൈൽ ബിസിനസിൽ 1960-ൽ അദ്ദേഹം പങ്കുചേർന്നു. മൊത്തക്കച്ചവടത്തിൽ നിന്ന് റീട്ടെയിൽ രംഗത്തേക്ക് ബിസിനസ് വ്യാപിപ്പിച്ച അദ്ദേഹത്തിന്‍റെ ധീരമായ തീരുമാനം റിഗലിനെ ഒരു കുടുംബപ്പേരായി മാറ്റി. പിന്നീട് റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്കും ബിസിനസ് വളർന്നു.
ദുബായ് ഇന്ത്യൻ ഹൈസ്കൂളിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം. 1961-ൽ വെറും 9 കുട്ടികളുമായി തുടങ്ങിയ സ്കൂളിലെ ആദ്യത്തെ ഹിന്ദി, പിഇ അധ്യാപകരിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. ഇന്ന് 16,000-ത്തിലധികം വിദ്യാർത്ഥികൾ അവിടെ പഠിക്കുന്നു. ജബൽ അലിയിലെ ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്നതിലും ഹൈന്ദവ സമൂഹത്തിനായുള്ള ശ്മശാനം വികസിപ്പിക്കുന്നതിലും അദ്ദേഹം വലിയ നേതൃത്വം നൽകി.
70 മില്യൺ ദിർഹം ചിലവിൽ ഇന്ത്യൻ വ്യാപാരികൾക്കായി ഒരു കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുക എന്നതായിരുന്നു തന്റെ 'അവസാന സ്വപ്നം' എന്ന് 2025 ഡിസംബറിൽ നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഭാരത സർക്കാരിന്റെ പരമോന്നത പ്രവാസി ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam