അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടിയുടെ ഭാഗ്യം മലയാളിക്ക്

Published : May 03, 2020, 05:47 PM ISTUpdated : May 04, 2020, 11:24 AM IST
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍  20 കോടിയുടെ ഭാഗ്യം മലയാളിക്ക്

Synopsis

അജ്മാനില്‍ താമസിക്കുന്ന ദിലീപ് ഏപ്രില്‍ 14ന് എടുത്ത 76713 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് കോടികളുടെ ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത്. ഡ്രീം കാര്‍ പതിനൊന്നാം സീരീസില്‍ വിജയിയായ ഇന്ത്യക്കാരന്‍ സുബോധ് സുധാകരന്‍ ബിഎംഡബ്ല്യൂ കാര്‍ സ്വന്തമാക്കി. 

അബുദാബി: നിരവധി പ്രവാസികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റില്‍ ഇത്തവണയും ഒന്നാം സമ്മാനം മലയാളിക്ക്. ഞായറാഴ്ച നറുക്കെടുത്ത 215-ാം സീരീസിലാണ് തൃശൂര്‍ ജില്ലക്കാരാനായ ദിലീപ് കുമാര്‍ ഇല്ലിക്കോട്ടില്‍ പരമേശ്വരന്‍ ഒരു കോടി ദിര്‍ഹം (20 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. 

അജ്മാനില്‍ താമസിക്കുന്ന ദിലീപ് ഒരു ഓട്ടോ സ്പെയര്‍ പാര്‍ട്സ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഏപ്രില്‍ 14ന് എടുത്ത 76713 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് കോടികളുടെ ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത്. സമ്മാനം ലഭിച്ച വിവരം അറിയിക്കാന്‍ ഫോണിലൂടെ ബന്ധപ്പെട്ട ബിഗ് ടിക്കറ്റ് അധികൃതരോട് അദ്ദേഹം നന്ദി അറിയിച്ചു. തന്റെ കട ബാധ്യതകള്‍ തീര്‍ക്കാന്‍ ഈ തുകയില്‍ ഒരു ഭാഗം വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പതിനാറും ഒന്‍പതും വയസ് പ്രായമുള്ള തന്റെ മക്കളുടെ ഭാവി വിദ്യാഭ്യാസം തന്നെയാണ് പ്രധാന ലക്ഷ്യം. ഏഴ് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന അദ്ദേഹത്തോടൊപ്പം കുടുംബവും അജ്മാനിലുണ്ട്. 

ഡ്രീം കാര്‍ പതിനൊന്നാം സീരീസില്‍ വിജയിയായ ഇന്ത്യക്കാരന്‍ സുബോധ് സുധാകരന്‍ ബിഎംഡബ്ല്യൂ കാര്‍ സ്വന്തമാക്കി. 008177 എന്ന നമ്പറിലെ ടിക്കറ്റാണ് അദ്ദേഹത്തെ സ്വപ്ന വാഹനത്തിനുടമയാക്കിയത്. ഇന്ന് നടന്ന നറുക്കെടുപ്പില്‍ വിജയികളായ പത്ത് പേരില്‍ ഒന്നാം സമ്മാനാര്‍ഹന്‍ ഉള്‍പ്പെടെ അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു. മൂന്നാം സമ്മാനം നേടിയ സ്വരണ്‍ സോമന്‍ (90,000 ദിര്‍ഹം), ഏഴാം സമ്മാനം നേടിയ സുകേശ് ഗോപാല (30,000 ദിര്‍ഹം), എട്ടാം സമ്മാനം നേടിയ ഷീജ പണിക്കര്‍ (20,000 ദിര്‍ഹം), ഒന്‍പതാം സമ്മാനം നേടിയ അനീഷ് കൃഷ്ണമൂര്‍ത്തി (10,000 ദിര്‍ഹം) എന്നിവരാണ് വിജയികളായ മറ്റ് ഇന്ത്യക്കാര്‍.

കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നറുക്കെടുപ്പില്‍ കാണികളെ അനുവദിച്ചിരുന്നില്ല. പകരം സാമൂഹിക മാധ്യമങ്ങളിലൂടെ നറുക്കെടുപ്പ് ലൈവായി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. ടിക്കറ്റ് വില്‍പനയും ഇപ്പോള്‍ വെബ്സൈറ്റ് വഴിയാണ്. 

"

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു, ഒമാനിൽ മലയാളി മരിച്ചു
മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, 9 വിദേശികൾ കുവൈത്തിൽ പിടിയിൽ