
അബുദാബി: യുഎഇയിലെ തൊഴില്‍ രംഗത്ത് 2019ല്‍ ഒന്‍പത് ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് സ്ഥാപനമായ ഗള്‍ഫ് ടാലന്റ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തലുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം കമ്പനികളും ഈ വര്‍ഷം തങ്ങളുടെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.
ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് 27 ശതമാനം സ്ഥാപനങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ 36 ശതമാനം കമ്പനികള്‍ ഇപ്പോഴത്തെ നില തന്നെ തുടരുമെന്നാണ് അറിയിച്ചത്. ഗള്‍ഫ് ടാലന്റിന്റെ കണക്ക് പ്രകാരം ജോലി ലഭിക്കുന്നവരില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ 12 ശതമാനം വര്‍ദ്ധനവുണ്ടായി. അതേസമയം അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും എണ്ണത്തില്‍ യഥാക്രമം എട്ടും പത്തും ശതമാനം കുറവുണ്ടായി. മറ്റുള്ളവരെ അപേക്ഷിച്ച് കുറഞ്ഞ ശമ്പളം നല്‍കിയാല്‍ മതിയെന്നതാണെത്രെ കൂടുതല്‍ ഏഷ്യക്കാരായ പ്രവാസികളെ ജോലിക്കെടുക്കാന്‍ യുഎഇയിലെ സ്വദേശി തൊഴിലുടമകളെ പ്രേരിപ്പിക്കുന്നത്.
ഒരേ തസ്തികയില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരായ പ്രവാസികളുടെ ശമ്പളം താരതമ്യം ചെയ്യുമ്പോള്‍ അറബികളേക്കാള്‍ 20 ശതമാനവും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരേക്കാള്‍ 40 ശതമാനവും കുറവ് ശമ്പളം മാത്രമാണ് ഏഷ്യക്കാര്‍ക്ക് ലഭിക്കുന്നതെന്ന് സര്‍വേ പറയുന്നു. സ്വന്തം നാട്ടിലെ ശമ്പളവുമായുള്ള താരതമ്യമാണ് ഈ അന്തരത്തിനും കാരണം. ഓരോ രാജ്യത്തെയും പരിശോധിക്കുമ്പോള്‍ ജോലി ലഭിച്ച ഇന്ത്യക്കാരുടെയും പാകിസ്ഥാനികളുടെയും എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധനവുണ്ടായി. ഫിലിപ്പൈനികളും ശ്രീലങ്കക്കാരുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് യുഎഇയില്‍ ജോലി ലഭിക്കുന്നവരുടെ എണ്ണത്തില്‍ കുറവുമുണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് പൗരന്മാരുടെ എണ്ണത്തിലും ചെറിയ കുറവ് വന്നിട്ടുണ്ട്. ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷ് കറന്‍സിയുടെ മൂല്യം കുറഞ്ഞതാണ് ബ്രിട്ടീഷ് പൗരന്മാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകാതിരിക്കാന്‍ കാരണം. ചിലവ് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രവൃത്തി പരിചയം കുറവുള്ളവരെ സ്ഥാപനങ്ങള്‍ കൂടുതലായി ജോലിക്ക് നിയമിക്കുന്നുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam